kk

കുന്നത്തൂർ: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ഒൻപതംഗ സംഘം അറസ്റ്റിൽ. പോരുവഴി മൈലാടുംകുന്ന് സിയാദ് മൻസിലിൽ സിയാദിനെയും കുടുംബത്തെയും ആക്രമിച്ച കേസിലാണ് ഒൻപതംഗ സംഘം ശൂരനാട് പൊലീസിന്റെ പിടിയിലായത്. ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ നിഷാദ് മൻസിലിൽ നിഷാദ് (19), ഇരവിച്ചിറ കായിപ്പുറത്ത് ഷഹനാസ് (20), പോരുവഴി കമ്പലടി പുത്തൻവിള തെക്കതിൽ നിസാർ (30), പതാരം കാരക്കാട്ട് പടിഞ്ഞാറ്റതിൽ ഷെമീർ (22), ഇരവിച്ചിറ നൗഫൽ മൻസിലിൽ നൗഫൽ (19), ഇരവിച്ചിറ പടിഞ്ഞാറ് ഷിറോസ് മൻസിലിൽ ഷിറോസ് (20), ഇരവിച്ചിറ നടുവിൽ വല്യയ്യത്ത് വീട്ടിൽ മുഹമദ് നൗഫൽ ( 28), ഇരവിച്ചിറ ചരുവിൽ കുളങ്ങര പനയഞ്ചേരിൽ അജ്മൽ (22 ), ഇരവിച്ചിറ നിഹാദ് മൻസിലിൽ നിഷാദ് (30) എന്നിവരെയാണ് ശൂരനാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്കാണ് സംഭവം. മൈലാടുംകുന്നിലുള്ള സിയാദിന്റെ വീട്ടിൽ പ്രത്യേക ചടങ്ങ് നടക്കവേ മദ്യലഹരിയിൽ മൂന്നംഗ സംഘം വീടിന് മുന്നിലൂടെയുള്ള റോഡിൽ ബൈക്കിൽ യാത്ര ചെയ്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇത് ചോദ്യം ചെയ്ത സിയാദും അക്രമിസംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വടിവാളുകളും മാരകായുധങ്ങളുമായി എത്തിയ 9 പേരടങ്ങുന്ന സംഘം സിയാദിനെയും കുടുംബത്തെയും ആക്രമിച്ചു. നാട്ടുകാർ വിവരം അറിയിച്ചതോടെ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും ഫോണുകളും ബൈക്കുകളും പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.