തിരുവനന്തപുരം:കൊവിഡിന്റെ മറവിൽ കേരള സർവ്വകലാശാല അക്കാഡമിക് കൗൺസിൽ നൂറോളം കോഴ്സുകളുടെ സിലബസ് ചർച്ച ഇല്ലാതെ ഇന്ന് ഒറ്റ ദിവസം കൊണ്ട് ഓൺലൈൻ മീറ്റിംഗിൽ ഭേദഗതി ചെയ്‌ത് അംഗീകരിക്കാൻ പോകുന്നതായി ആക്ഷേപം. ഇന്ന് രാവിലെ വിസിയുടെ അദ്ധ്യക്ഷതയിലാണ് മീറ്റിംഗ് എന്നാണ് സൂചന.120 അംഗങ്ങളാണ് കൗൺസിലിലുള്ളത്.
എം. എസ്‌സി, എംടെക്, എം.ബി.എ, എം.സി.എ, എം.എ, എം.കോം, എം.സി.ജെ, കോഴ്സുകളുടെയും കോളേജുകളിലെ ബിരുദ കോഴ്സുകളുടെയും സിലബസുകളാണ് ഭേദഗതി ചെയ്യുന്നത്. സർവകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് സി.എസ്.എസിന്റെ പുതിയ റെഗുലേഷനും കൂട്ടത്തിലുണ്ട്.
ഓരോ ബോർഡിന്റെയും താത്പര്യമനുസരിച്ച് മാറ്റുന്നതും ചർച്ച കൂടാതെ അംഗീകരിക്കുന്നതും കോഴ്സുകളുടെ നിലവാരം നഷ്ടപ്പെടുമെന്നാണ് ആരോപണം.അയ്യായിരത്തോളം പേജുകളുള്ള സിലബസ് അക്കാഡമിക് കൗൺസിൽ അംഗങ്ങൾക്ക് അജണ്ടയായി ഇ-മെയിലിൽ ഇന്നലെയാണ് അയച്ചുകൊടുത്തത്. ഇത് വായിക്കാനും ചർച്ച ചെയ്യാനും കുറഞ്ഞത് നാലു ദിവസത്തെ യോഗം വേണ്ടിവരും. നാക് അംഗീകാരം നഷ്ടപ്പെട്ട സർവകലാശാലയ്ക്ക് അടുത്തമാസം നാക്ക് ടീം പരിശോധനയ്ക്ക് വരുമ്പോൾ സിലബസുകൾ പുതുക്കിയതായി ബോദ്ധ്യപ്പെടുത്താനാണ് തിരക്കുപിടിച്ച സിലബസ് അംഗീകരിക്കൽ.