വിതുര: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ വിതുര വലിയവേങ്കോട് വി.വി. ദായിനി സ്കൂളിന് പുതിയ മന്ദിരമൊരുങ്ങുന്നു. സ്കൂളിന് പുതിയ മന്ദിരം നിർമിക്കുന്നതിനായി കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്കൂളിന്റെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ സ്കൂൾ സന്ദർശിക്കുകയും സഹായം നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. പി.ടി.എ കമ്മിറ്റിയും എം.എൽ.എക്ക് നിവേദനം നൽകി. 1908ൽ കുടിപ്പള്ളിക്കുടമായിട്ടാണ് വി.വി ദായിനി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1922ൽ 50 സെന്റ് സ്ഥലവും, താത്കാലിക ഷെഡും സർക്കാർ ഏറ്റെടുത്തു. 1961ൽ യു.പി സ്കൂളായി ഉയർത്തി. ഇതോടെ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. മികച്ച അദ്ധ്യാപകരുടെ സേവനം കൂടിയായപ്പോൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെട്ടു. എന്നാൽ കാലക്രമേണ സ്കൂളിന് ശനിദശ ബാധിച്ചു. അഞ്ഞൂറോളം കുട്ടികൾ പഠിച്ചിരുന്ന ഇവിടെ ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഇപ്പോൾ നൂറിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ഓട് മേഞ്ഞ രണ്ട് കെട്ടിടങ്ങളിലായാണ് പരിമിതികൾക്കും പരാധീനതകൾക്കും നടുവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളാകട്ടെ മഴയത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.