തിരുവനന്തപുരം: കേരള നവോത്ഥാന നായകരിൽ സൂര്യപ്രഭയോടെ തിളങ്ങുന്ന മഹാത്മ അയ്യങ്കാളി അവസാന ദിനങ്ങളിൽ താമസിച്ച വെങ്ങാനൂരിലെ കെട്ടിടം. പാവപ്പെട്ട പട്ടികജാതി വിദ്യാർത്ഥികൾക്കായി അദ്ദേഹം പണിത ലൈബ്രറി .കാലപ്പഴക്കത്താൽ നാശോന്മുഖമാവുന്ന ഈ ചരിത്ര സ്മാരകങ്ങൾ നവീകരിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തതിൽ ബന്ധുക്കൾക്ക് നൊമ്പരം..
ഇവയുടെ ചരിത്ര പ്രാധാന്യം ബന്ധപ്പെട്ടവർ തിരിച്ചറിയണമെന്ന് അയ്യങ്കാളിയുടെ ചെറുമകനും അയ്യൻകാളി കുടുംബ പരിപാലിനി പ്രസിഡന്റുമായി ഗിരിജാത്മജൻ പറഞ്ഞു. അയ്യൻകാളിയുടെ മകൻ ശിവതാണുവിന്റ മകനായ ഗിരിജാത്മജനാണ്.അപ്പൂപ്പന്റെ കോട്ട് സൂക്ഷിച്ചിരുന്നത് പിന്നീടത് നിയമസാഭാ മ്യൂസിയത്തിന് കൈമാറി.അയ്യൻകാളിയെ തമ്പുരാക്കന്മാരുടെ ശത്രുവും ഹിംസാത്മക സമര നേതാവുമായി ചിലർ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് ഗിരിജാത്മജൻ പറഞ്ഞു. സമൂഹത്തിൽ വിപ്ളവാത്മാക മാറ്റത്തിന് ശക്തിയെക്കാളേറെ ബുദ്ധിയാണ് അദ്ദേഹം പ്രയോഗിച്ചത്.
തിരുവിതാംകൂർ രാജകുടുംബവുമായി നല്ല അടുപ്പമായിരുന്നു അപ്പൂപ്പനും വലിയ അപ്പൂപ്പനും.. (അയ്യങ്കാളിയുടെ അച്ഛൻ അയ്യൻ ) അതുകൊണ്ടാണ് തിരുവിതാംകൂർ രാജാവ് എട്ടേക്കർ സ്ഥലം വലിയ അപ്പൂപ്പന് അനുവദിച്ചത്.അയ്യങ്കാളിയുടെ മകൾ തങ്കമ്മയെ ടി.ടി.കേശവൻ ശാസ്ത്രിയെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന നിർദേശം രാജകുടുംബത്തിൽ നിന്നായിരുന്നു. .അയ്യങ്കാളിയുടെ മരണ ശേഷം സ്മാരകമായ 'ചിത്രകൂട'ത്തിന്റെ അനാവരണത്തിന് ചിത്തിര തിരുനാൾ മഹാരാജാവ് വന്നതിനു കാരണവും ആ അടുപ്പമാണ്.
പട്ടിക ജാതിക്കാരുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും രാജുകടുംബവുമായുള്ള അടുപ്പം അദ്ദേഹം പ്രയോജനപ്പെടുത്തി. പട്ടികജാതിക്കാർ എന്നും അടിയന്മാരായി കഴിയണമെന്ന വ്യവസ്ഥയ്ക്കെതിരെ പോരാടി.കായികമായ എതിർപ്പുകളെ അങ്ങനെ തന്നെ നേരിട്ടു. കർഷക സമരം നയിച്ചപ്പോൾ ഒപ്പമുള്ളവർ പട്ടിണി കിടക്കാതിരിക്കാൻ കടപ്പുറത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനും വഴിയൊരുക്കി. സമരത്തിന് മുന്നിൽ ജന്മിമാർക്ക് മുട്ടുമടക്കേണ്ടി വന്നു. ജാതിയുടെ പേരിലുള്ള തൊട്ടുകൂടായ്മയെയും വിവേചനങ്ങളെയും എതിർത്തു തോൽപ്പിച്ചു. എല്ലാ പാവങ്ങൾക്കും വേണ്ടിയാണ് അദ്ദേഹം സാധുജനപരിപാലന സംഘം രൂപീകരിച്ചത്.
അപ്പൂപ്പനായി
വെള്ളിത്തിരയിൽ
വസന്തത്തിന്റെ കനൽ വഴികൾ എന്ന ചിത്രത്തിൽ അയ്യൻകാളിയായി അഭിനയിച്ചത് ഗിരിജാത്മജൻ. വൈദ്യുതി വകുപ്പ് അഡിഷണൽ സെക്രട്ടറിയായി 2007ൽ വിരമിച്ചു. ഗൗരീശപട്ടത്തിനടുത്ത് മുളവനയിലാണ് താമസം.ഭാര്യ ഡോ.അനിതാകുമാരി മെഡിക്കൽ കോളേജ് പൾമണറി വിഭാഗം മേധാവി. മക്കളായ ഡോ.ഗായത്രി മെഡിക്കൽ കോളേജ് അസി. പ്രൊഫസറും, ഗൗതമി പി.ജി.ദന്തൽ വിദ്യാർത്ഥിനിയും.
പിറന്നാൾ
അവിട്ടത്തിന്
അയ്യങ്കാളി ജീവിച്ചിരുന്നപ്പോഴും പിന്നീടും കുടുംബത്തിൽ പിറന്നാൾ ആഘോഷം ചിങ്ങത്തിലെ അവിട്ടം നാളിലാണ്. കഴിഞ്ഞ സർക്കാരാണ് ജയന്തിയും അവധിയും ആഗസ്റ്റ് 28ന് എന്നാക്കിയത്. ഞങ്ങൾ അപ്പൂപ്പന്റെ പിറന്നാൾ ആഘോഷിക്കുന്നത് ഇപ്പോഴും അവിട്ടത്തിനാണ്-ചെറുമകൻ പറഞ്ഞു.