ig

വിജിലൻസിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ അവസാനിക്കുന്നതേയില്ല. വില്ലേജ് ഓഫീസിലും സപ്ലൈ ഓഫീസിലുമൊക്കെ അഞ്ഞൂറും ആയിരവും കൈമടക്ക് വാങ്ങുന്നവരെ ചാടിവീണ് പിടിക്കുകയാണ് ഇപ്പോഴത്തെ പ്രധാന അന്വേഷണം. അധികാരത്തിന്റെ തണലിൽ ഉന്നതർ കോടികൾ കമിഴ്‌ത്തുന്നത് കണ്ടുനിൽക്കാനാണ് യോഗം! വമ്പന്മാരുടെ കൊള്ളയടിയെക്കുറിച്ച് പരാതി നൽകിയാലും വിജിലൻസിന് ചെറുവിരൽ അനക്കാനാവില്ല. പാർലമെന്റ് പാസാക്കിയ അഴിമതിനിരോധ നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. മുഖ്യമന്ത്രിയുടെയോ ഗവർണറുടെയോ അനുമതിയില്ലാതെ അനങ്ങാനാവില്ല. പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്ഓഫീസായി വിജിലൻസ് ആസ്ഥാനം മാറിയിരിക്കുകയാണ്.

കൺമുന്നിൽ അഴിമതിയും തെളിവുകളും കണ്ടാലും സെക്രട്ടേറിയറ്റിലേക്ക് ഫയൽ അയച്ച് അനുമതി കാത്തിരിക്കണം. അനുമതി തേടിയുള്ള അപേക്ഷകളുടെ സ്ഥാനം സെക്രട്ടേറിയറ്റിലെ ചവറ്റുകൂനയിലാണ്. രണ്ട് മുൻമന്ത്രിമാർക്കും ലീഗ് എം.എൽ.എയ്ക്കുമെതിരായ അന്വേഷണത്തിനേ സമീപകാലത്ത് അനുമതി കിട്ടിയുള്ളൂ. പാലാരിവട്ടം കേസിൽ വി.കെ.ഇബ്രാഹിംകുഞ്ഞ്, അനധികൃത സ്വത്ത് കേസിൽ വി.എസ്.ശിവകുമാർ, പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജി എന്നിവർക്കെതിരെ നീങ്ങാനാണ് അനുമതി കിട്ടിയത്. തമിഴ്നാട്ടിലെ ഭൂമി, വരുമാന സത്യവാങ്മൂലത്തിൽ കാട്ടാത്തതിന് വിരമിക്കുന്നതിന് ഒരാഴ്ചമുൻപ്, ഡിജിപി ഡോ.ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ അനുവദിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് സർക്കാരിലേക്കയച്ച റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ പൂഴ്‌ത്തിയിരിക്കുകയാണ്.

സ്വകാര്യവ്യക്തികൾ പങ്കാളികളായ അഴിമതിക്കേസുകൾ അന്വേഷിക്കാൻ സർക്കാർ അനുമതി വേണ്ടെങ്കിലും വിജിലൻസ് അനങ്ങാറില്ല. ഡി.ജി.പിമാരുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ തസ്തികയിൽ സർവസ്വതന്ത്രനായി വിഹരിക്കാൻ സർക്കാർ അനുവദിക്കുന്നതിന്റെ നന്ദി എ.ഡി.ജി.പി അനിൽകാന്ത് കാട്ടുന്നുണ്ട്. സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷനെ മറയാക്കി നാലേകാൽക്കോടി കമ്മിഷൻ തട്ടിയെന്ന് വ്യക്തമായിട്ടും അന്വേഷണത്തിനും കേസിനും സജ്ജമായതേയില്ല. യു.എ.ഇ സർക്കാരിന്റെ സന്നദ്ധസംഘടനയായ എമിറേറ്റ്സ് റെഡ്ക്രസന്റ് നൽകിയ ഇരുപതു കോടിയിൽ നിന്നാണ് നാലേകാൽ കോടി സ്വപ്നയും സംഘവും അടിച്ചുമാറ്റിയിട്ടും ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തിലാണ് വിജിലൻസ്. കമ്മിഷൻ നൽകിയെന്ന് സമ്മതിച്ച യൂണിടെക് നിർമ്മാണ കമ്പനി ഉടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങാവുന്നതേയുള്ളൂ. കോഴ നൽകിയതും സ്വീകരിച്ചതുമെല്ലാം സ്വകാര്യവ്യക്തികളായതിനാൽ ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസിന് സർക്കാരിന്റെ അനുമതി ആവശ്യമില്ല. സർക്കാരിന്റെ ഭവനപദ്ധതിയിലേക്ക് വന്ന പണത്തിൽ നിന്ന് കമ്മിഷനായി തട്ടിയെടുത്തത് 106വീടുകൾ വയ്ക്കാനുള്ള പണമാണ്.

എന്തിനാണൊരു വിജിലൻസ്

കെ.ടി.ജലീൽ

ഇന്റർവ്യൂവിന് പങ്കെടുക്കാത്ത ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരാക്കിയതിൽ കേസിന് അനുമതിയില്ല. സ്വജനപക്ഷപാതവും ഔദ്യോഗികപദവിയുടെ ദുരുപയോഗവും വിജിലൻസിന്റെ അന്വേഷണപരിധിയിൽപെടുന്നതാണ്. വിജിലൻസ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന സർക്കാർ നിലപാടോടെ, ഗവർണറും അനുമതി നിഷേധിച്ചു. മാർക്കുദാന പരാതിയിൽ, മന്ത്രി അദാലത്തിൽ പങ്കെടുത്തതിനെ ഗവർണർ വിമർശിച്ചെങ്കിലും വിജിലൻസ് അന്വേഷണത്തിന് അനുമതിയുണ്ടായില്ല.

വിശ്വാസ് മേത്ത

മുഖ്യമന്ത്രിയുടെ നെതർലന്റ്സ് സന്ദർശനത്തിൽ സഹായിച്ച കമ്പനിയെ റീ-ബിൽഡ് കേരളയുടെ പ്രളയപ്രതിരോധ പദ്ധതിയുടെ കൺസൾട്ടൻസി ടെൻഡറിൽ ഉൾപ്പെടുത്താൻ ഫയലിലെഴുതിയതിലും അന്വേഷണമില്ല. ആദ്യം ഒഴിവാക്കപ്പെട്ട ഹസ്‌കോണിംഗ് കമ്പനിക്കായാണ് ശുപാർശ. ഈ കമ്പനിയെ ഉൾപ്പെടുത്തിയില്ലെങ്കിൽ നെതർലന്റ്സുമായുള്ള നയതന്ത്റബന്ധത്തെ ബാധിക്കുമെന്നും ഫയലിലെഴുതി. സംഭവം വിവാദമായിട്ടും വിജിലൻസ് അനങ്ങിയില്ല

ബെവ്ക്യൂ

ആപ്പ് നിർമ്മാണകരാറിൽ സ്വജനപക്ഷപാതമുണ്ടെന്നും വൈദഗ്ദ്ധ്യമില്ലാത്ത കമ്പനിയെ ചുമതലപ്പെടുത്തിയതിൽ അഴിമതിയുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണമില്ല. ബാറുകൾക്ക് പരമാവധി ലാഭമുണ്ടാക്കി, ബിവറേജസിനെ തകർക്കുകയാണെന്ന ആരോപണവും അന്വേഷിക്കില്ല. സി.പി.എമ്മുമായി ബന്ധമുള്ളയാളിന് കരാ‌ർ നൽകിയെന്നാണ് ആക്ഷേപം. ലൈഫ് മിഷനിലെ നാലേകാൽക്കോടി കമ്മിഷനു പുറമെ മറ്റൊരു അഞ്ചുകോടി ബെവ്ക്യൂവുമായി ബന്ധമുള്ളയാളുകളുടെ ഇടപാടിൽ മറിഞ്ഞത് അന്വേഷിക്കണമെന്ന് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇ -മൊബിലിറ്റി

സർക്കാർ തീരുമാനമെടുക്കും മുൻപ് ഇ-വാഹന നിർമ്മാണത്തിന് സ്വിസ് കമ്പനിയുമായി ധാരണാപത്രം കൈമാറിയ ഗതാഗതസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെതിരെയും അന്വേഷണമില്ല. 51ശതമാനം ഓഹരി സ്വിസ് കമ്പനിക്ക് നൽകുന്നതിനെ ധനവകുപ്പ് എതിർത്തപ്പോൾ മുഖ്യമന്ത്രി യോഗം വിളിച്ച് പ്രൈസ് വാട്ടർകൂപ്പറിനെ കൺസൾട്ടന്റാക്കി. കൊച്ചിയിലെ കെ.എസ്.ആർ.ടിസിയുടെ ആയിരം ഏക്കർ സ്വിസ് കമ്പനിക്ക് നൽകാനും ഒരുങ്ങി. സെക്രട്ടേറിയറ്റിൽ വാട്ടർകൂപ്പറിന് ഓഫീസ് അനുവദിക്കണമെന്ന ഗതാഗതസെക്രട്ടറിയുടെ ഫയലും വിവാദമായിരുന്നു.

സമാന്തര

പി.എസ്.സി

ചീഫ്സെക്രട്ടറിയുടെ ഓഫീസിലടക്കം സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തിരുവനന്തപുരത്തെ മിന്റ് കൺസൾട്ടൻസിയെന്ന സ്വകാര്യകമ്പനി നിയമനങ്ങൾ നടത്തിയതിലും അന്വേഷണമില്ല. കിൻഫ്രയ്ക്ക് ജീവനക്കാരെ സപ്ലൈ ചെയ്യുന്ന കൺസൾട്ടൻസി വ്യവസായമന്ത്രിയുടെ ഓഫീസിലും വിവിധ വകുപ്പുകളിലും നിയമനം നടത്തി. കിൻഫ്രയുമായുള്ള കരാറിന്റെ മറവിലാണ് സെക്രട്ടേറിയറ്റിലടക്കമുള്ള നിയമനങ്ങൾ. തട്ടിപ്പിന്റെ തെളിവുകൾ കേരളകൗമുദി പുറത്തു കൊണ്ടുവന്നിട്ടും വിജിലൻസിന് അനക്കമില്ല.

ശിവശങ്കറിന്റെ രക്ഷകരായി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എറണാകുളം സ്വദേശി ചെഷൈർ ടാർസൺ എന്നിവരുടെ പരാതികളിൽ അന്വേഷണത്തിന് അനുമതി തേടി സർക്കാരിലേക്ക് ഫയൽ അയച്ചെന്ന് വിജിലൻസ് ആസ്ഥാനവും അങ്ങനെയൊരു ഫയൽ കിട്ടിയിട്ടേയില്ലെന്ന് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസും പറയുന്നു. ഐ.ടി വകുപ്പിലെ വഴിവിട്ട നടപടികളും സ്‌പ്രിൻക്ലർ, ബെവ്ക്യൂ ആപ്, കൺസൾട്ടൻസി ഇടപാടുകളും വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു പരാതികൾ. സെക്രട്ടേറിയറ്റിലെ വിജിലൻസ് വകുപ്പിലേക്ക് അയച്ച ഫയൽ അവിടെ പൂഴ്‌ത്തിയെന്ന് വിജിലൻസും, വിജിലൻസ് അങ്ങനെയൊരു ഫയൽ അയച്ചിട്ടില്ലെന്ന് സെക്രട്ടേറിയറ്റിലെ സെക്ഷനും വ്യക്തമാക്കി. ശിവശങ്കറിനെ രക്ഷിച്ചെടുക്കാൻ ഇവരെല്ലാം ചേർന്ന് ഒത്തുകളിക്കുകയാണെന്ന് ഉറപ്പായിട്ടുണ്ട്.

ഐ.ടി വകുപ്പിലും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും ശിവശങ്കർ നടത്തിയ നിയമനങ്ങളിലെ സ്വജനപക്ഷപാതവും അതിലൂടെ സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും വിജിലൻസ് അന്വേഷിക്കണമെന്നും പരാതികളിലുണ്ട്. യോഗ്യതയില്ലാത്ത സ്വപ്നയെ ഒരുലക്ഷത്തിലേറെ ശമ്പളത്തിൽ പ്രോജക്ട് മാനേജരായി നിയമിച്ച് 12 മാസം ശമ്പളം നൽകിയതിലൂടെ ഖജനാവിന് നഷ്ടമുണ്ടായതിനാൽ അഴിമതിനിരോധന നിയമത്തിന്റെ പരിധിയിൽ വരും. സ്വപ്നയ്ക്ക് നിയമനം കിട്ടിയത് ശിവശങ്കറിന്റെ രേഖാമൂലമുള്ള ശുപാർശയിലാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണസമിതി കണ്ടെത്തിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി,​ സ്വപ്‌നയ്ക്കൊപ്പം ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും വിജിലൻസിന് അന്വേഷിക്കാവുന്നതാണ്. ബാങ്ക് ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്ത വൻ തുക സർക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ്‌മിഷനിൽ യു.എ.ഇ സർക്കാരിന്റെ സന്നദ്ധസംഘടന റെഡ്ക്രസന്റ് നിർമ്മിക്കുന്ന വീടുകൾക്ക് കരാർ നൽകിയതിലെ കമ്മിഷനാണെന്നാണ് സ്വപ്നയുടെ വാദം. ശിവശങ്കറിന് മേൽനോട്ടമുണ്ടായിരുന്ന പദ്ധതിയിലെ കമ്മിഷൻ ഇടപാടും അന്വേഷിക്കാവുന്നതേയുള്ളൂ, പക്ഷേ വിജിലൻസ് അനങ്ങില്ല.

ഹെലികോപ്ടർ

യാത്രയിലെ അഴിമതി

വിരമിക്കുന്നതിന്റെ തലേന്ന് ചീഫ്സെക്രട്ടറി ടോംജോസ്, പിൻഗാമി വിശ്വാസ് മേത്ത, ഡിജിപി ലോക്‌നാഥ് ബെഹ്റ എന്നിവർ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിൽ പമ്പയിലേക്ക് പറന്നത് വിവാദമായിരുന്നു. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കുന്നതിൽ കാലതാമസം വരുത്തിയ കളക്ടറെ ശാസിക്കാനാണ് പോയതെന്നാണ് വിശ്വാസ് മേത്ത പറഞ്ഞത്. എന്നാൽ യാത്ര വൻകൊള്ളയ്‌ക്കുള്ള കളമൊരുക്കാനായിരുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. പമ്പാത്രിവേണി മണൽക്കൊള്ളയിൽ കോടതി ഉത്തരവിട്ട വിജിലൻസ് അന്വേഷണത്തിൽ വിവാദമായ ആ ഹെലികോപ്ടർ യാത്രയും ഉൾപ്പെടും.

പമ്പാത്രിവേണിയിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ പത്തുകോടിയിലേറെ മൂല്യമുള്ള മണൽ, ചെളിയെന്ന വ്യാജേന നീക്കം ചെയ്ത് കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നീക്കം അന്വേഷിക്കേണ്ടെന്ന സർക്കാർ തീരുമാനം തിരുവനന്തപുരം വിജിലൻസ് കോടതി പൊളിച്ചടുക്കി. പ്രഥമദൃഷ്‌ട്യാ അഴിമതിയുണ്ടെന്ന് വിലയിരുത്തിയ കോടതി 40ദിവസത്തിനകം പ്രാഥമികഅന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ അനിൽകാന്തിന് ഉത്തരവ് നൽകിയിരിക്കുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടിയതെന്ന ചെന്നിത്തലയുടെ അഭിഭാഷകൻ ജി.ശശീന്ദ്രന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വനം, റവന്യൂ വകുപ്പുകൾ മണലാണെന്ന് കണ്ടെത്തുകയും വനംവകുപ്പ് അളന്ന് തിട്ടപ്പെടുത്തി കെെവശം വച്ചിരുന്നതും രണ്ട് തവണ ഇ-ലേലത്തിലൂടെ വിൽക്കാൻ ശ്രമിച്ചതുമായ 90,000 മെട്രിക് ടൺ ശുദ്ധമായ മണലാണ് മാലിന്യമെന്ന പേരിൽ കൊള്ളയടിക്കാൻ ശ്രമിച്ചത്. മണൽവിൽപ്പനയ്ക്ക് വനംവകുപ്പ് ചീഫ്സെക്രട്ടറിയായിരുന്ന ടോംജോസിന്റെ അനുമതിതേടിയെങ്കിലും ഒരുവർഷം പൂഴ്‌ത്തിവച്ചശേഷം വിരമിക്കുന്നതിന്റെ തലേദിവസം കളക്ടറെക്കൊണ്ട് മണൽ നീക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. 90,000 മെട്രിക് ടൺ മണലിനൊപ്പം ചെളിയും കൂട്ടിച്ചേർത്ത് ആകെ 1,28,193 മെട്രിക് ടൺ മാലിന്യമെന്നാക്കി മാറ്റി. ടോംജോസിന്റെ നിർദ്ദേശപ്രകാരം ഉത്തരവിറക്കിയെങ്കിലും വിശദമായ നടപടിക്രമങ്ങളിൽ ജില്ലാകളക്ടർ പിബി നൂഹ് തിരിമറികളെല്ലാം വിശദീകരിച്ചതും സർക്കാരിന് തിരിച്ചടിയായി.

2018ലെ പ്രളയത്തിൽ പമ്പാ ത്രിവേണി ഭാഗത്ത് അടിഞ്ഞുകൂടിയത് 75,000 ഘനമീ​റ്റർ മണലാണെന്ന് സബ് കലക്ടർ തലവനായ വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. കോടികളുടെ മണലാണെന്ന് തിരിച്ചറിഞ്ഞ് തട്ടിപ്പ് തുടങ്ങിയതോടെ ഒറ്റ സർക്കാ‌ർ ഫയലുകളിലും മണൽ എന്ന വാക്കില്ലാതായി. പകരം മാലിന്യമെന്നായി. മണ്ണ്, മാലിന്യം, പ്ലാസ്റ്റിക്, തീർത്ഥാടകർ ഉപേക്ഷിച്ച തുണി എന്നൊക്കെയായി കണ്ണൂരിലെ സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ അവസാന കരാറിൽ. മാലിന്യം സൗജന്യമായി മാറ്റാമെന്നാണ് ക്ലേയ്സ് ആൻഡ് സെറാമിക്സ് അറിയിച്ചത്. മണൽനീക്കം വനംവകുപ്പ് തടഞ്ഞതോടെ കമ്പനി പിന്മാറുകയും ചെയ്തു. ടോംജോസ്, കളക്ടർ പി.ബി.നൂഹ് എന്നിവർക്കെതിരെയാണ് അന്വേഷണം.