തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കണ്ടത് സുപ്രധാനവും അനിവാര്യവുമാണ്. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിൽ പൊതുസമൂഹത്തിന് നിരവധി മിഥ്യാധാരണകളുണ്ട്. കണ്ണടച്ച് എതിർക്കും മുൻപ് വിമാനത്താവള നടത്തപ്പിന് സ്വകാര്യകമ്പനി വന്നാലുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് അറിയണം. വിമാനത്താവളം ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകേണ്ട വാണിജ്യ സ്ഥാപനമാണ്. അതിനാൽതന്നെ സ്വകാര്യ മേഖലയിലെ നടത്തിപ്പ് വിജയകരമായിരിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർഇന്ത്യ, കെ.എസ്.ആർ.ടി.സി എന്നിവയുടെ സ്ഥിതി നോക്കുക. കാര്യക്ഷമതയുള്ള വിമാനത്താവള നടത്തിപ്പ് തിരുവനന്തപുരത്തേക്കുള്ല എയർ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക വികസനവും കൊണ്ടുവരും. വിമാനത്താവളം മെച്ചപ്പെടുകയും വിമാന സർവീസുകൾ കൂടുകയും ചെയ്യുമ്പോൾ സർക്കാരിനുള്ള വരുമാനവും കൂടും. സ്വകാര്യനിക്ഷേപം വരുന്നതോടെ വിമാനത്താവള നടത്തിപ്പ് കൂടുതൽ കാര്യക്ഷമതയുള്ളതായി മാറും. കൂടുതൽ തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടും. 10ശതമാനം വ്യോമഗതാഗതം വർദ്ധിക്കുമ്പോൾ ജി.ഡി.പിയിൽ അര ശതമാനത്തിന്റെ വർദ്ധനവുണ്ടാവുമെന്നാണ് കണക്ക്. ലോകത്തെ ഏറ്രവും തിരക്കേറിയതും മികച്ചതുമായ വിമാനത്താവളങ്ങളെല്ലാം സ്വകാര്യമേഖലയിലാണ്. ആദ്യ അഞ്ച് റാങ്കിംഗിലുള്ള ഹീത്രു, ഫ്രാങ്ക്‌ഫുർട്ട്, മാഡ്രിഡ്, പാരിസ് വിമാനത്താവളങ്ങളെല്ലാം സ്വകാര്യ എയർപോർട്ടുകളാണ്. ഇന്ത്യയിലെ സ്വകാര്യവിമാനത്താവളങ്ങളായ മുംബയ്, ഡൽഹി, ബംഗളുരു, ഹൈദരാബാദ് എന്നിവ ഏതാനും വർഷങ്ങളായി വളർച്ചയിൽ തന്നെ. 2018ൽ ഇടത്തരം വിമാനത്താവളങ്ങളുടെ ഗണത്തിൽ ലോകത്തെ മികച്ച വിമാനത്താവളങ്ങൾക്കുള്ള മൂന്ന് പുരസ്കാരങ്ങളും ഇവ നേടി.
തിരുവനന്തപുരത്തിന്റെയും തെക്കൻ ജില്ലകളുടെയും വികസനത്തിൽ നിർണായക സ്വാധീനമാണ് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളത്. ഡിജിറ്റൽ ഹബ് ആയി തിരുവനന്തപുരത്തെ വികസിപ്പിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിലും വിമാനത്താവളത്തിലെ കണക്ടിവിറ്റി വർദ്ധിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായിട്ടു കൂടി തിരുവനന്തപുരം വികസനത്തിന്റെ കാര്യത്തിൽ വല്ലാതെ പിന്നിലാണ്. സ്വകാര്യ നടത്തിപ്പുകാർ വരുന്നതോടെ വിമാനത്താവള വികസനമുണ്ടാകുമെന്നുറപ്പാണ്. പക്ഷേ രാഷ്ട്രീയ പാർട്ടികളുട എതിർപ്പ് സംരംഭകരെ പിന്നോട്ടടിക്കുന്നതാണ്. രാജ്യത്ത് വിവിധ വിമാനത്താവളങ്ങൾ സ്വകാര്യവത്കരണത്തിലൂടെ വളർന്നു. എന്തുകൊണ്ട് തിരുവനന്തപുരത്തിന് ആയിക്കൂടാ? രാജ്യത്തെ മികച്ച വിമാനത്താവളമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. അനാവശ്യമായ ആശങ്കകളുടെ പേരിൽ ഈ അവസരം നമ്മൾ പാഴാക്കരുത്. മികച്ച സംരംഭകരെ സ്വാഗതം ചെയ്യുകയും അതുവഴി നഗരത്തിന്റെ അടുത്തഘട്ട വളർച്ച ലക്ഷ്യമിടുകയുമാണ് നമ്മൾ ചെയ്യേണ്ടത്.
(ഐ.ബി.എസ് സോഫ്‌ട് വെയർ മാനേജിംഗ് ഡയറക്ടറാണ് ലേഖകൻ)