മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളാണ് മോഹൻലാലും മമ്മൂട്ടിയും.
വർഷങ്ങളായി സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കുന്ന ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിക്കുകയും അത് സൂപ്പർ ഹിറ്റാവുയും ചെയ്തിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ ഇരുവരും ഒരുമിച്ചഭിനയിച്ച നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ജോഷി. മമ്മൂട്ടി ഈ സിനിമയിൽ മമ്മൂട്ടി എന്ന സിനിമ നടനായി തന്നെയാണ് വേഷമിട്ടത്. മോഹൻലാൽ ഈ സിനിമയിൽ ടോണി എന്ന നായക വേഷത്തിൽ എത്തുകയായിയിരുന്നു. അതിന്റെ തിരക്കഥ വായിച്ച ശേഷം അതിലെ ഒരു സീനിലെ ഡയലോഗുകൾ മാറ്റണമെന്ന് മോഹൻലാൽ ആവിശ്യപ്പെട്ടെന്നാണ് ജോഷിയുടെ വെളിപ്പെടുത്തൽ.
"നിങ്ങളെക്കാൾ നന്നായി ഇവർ അഭിനയിക്കും, ഇപ്പോൾ സിനിമ ഇറങ്ങുന്നില്ലല്ലോ ഇറങ്ങുന്നതെല്ലാം പൊട്ടുകയാണെല്ലോ.." എന്ന് മോഹൻലാലിന്റെ കഥാപാത്രം മമ്മൂട്ടിയോട് പറയുന്നതായുള്ള ഒരു ഡയലോഗ് പറയാൻ പറ്റില്ലെന്നാണ് തിരക്കഥ വായിച്ചിട്ട് മോഹൻലാൽ പറഞ്ഞത്. ഡെന്നീസ് ജോസഫായിരുന്നു ഈ സിനിമയുടെ തിരക്കഥ എഴുതിയത്. സിനിമയിലെ ഡയലോഗാണെങ്കിലും ഇത് അഭിനയമാണെങ്കിലും ഇച്ചാക്കയുടെ മുഖത്ത് നോക്കി അങ്ങനെ പറയാൻ എനിക്ക് കഴിയില്ല സാർ എന്നായിരുന്നു മോഹൻലാൽ തന്നോട് പറഞ്ഞതെന്ന് ജോഷി വ്യക്തമാക്കുന്നു. അത് വീണ്ടും ഒന്നു വായിച്ചു നോക്കിയപ്പോൾ ആ ഡയലോഗുകൾ മാറ്റുന്നതാണ് ശരിയെന്ന് തനിക്കും തോന്നിയെന്നും അങ്ങനെ ആ സീൻ തന്നെ തിരക്കഥയിൽ നിന്നും മാറ്റിയെന്നും ജോഷി വ്യക്തമാക്കുന്നു.