കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ദീർഘനാളായി കിടക്കുന്ന കോച്ചുകൾ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ലോക്ക് ഡൗണായതോടെ ട്രെയിൻ ഗതാഗതം പേരിന് മാത്രമായപ്പോൾ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇല്ലാതായി. സ്റ്റേഷന് സമീപപ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായതോടെ സന്ധ്യകഴിഞ്ഞാൽ പരിസരവാസികളും വീടിന് പുറത്തിറങ്ങാത്തത് ഇക്കൂട്ടർക്ക് കൂടുതൽ സൗകര്യപ്രദമായി. അടുത്തകാലത്തായി ഇവിടെ കഞ്ചാവ് വില്പനയും വ്യാപകമായെന്നും പരാതിയുണ്ട്. സന്ധ്യയ്ക്ക് ശേഷമാണ് ഇവർ സ്റ്റേഷൻ പരിസരങ്ങളിൽ തമ്പടിക്കുന്നത്. കൊച്ചുവേളിയിൽ ട്രെയിനുകൾ നിറുത്തിയിടാൻ സ്ഥലമില്ലാതെ വരുമ്പോൾ കടയ്ക്കാവൂർ റെയിൽവേസ്റ്റേഷനിൽ കൊണ്ടിടുന്ന പതിവുണ്ട്. മിക്ക ദിവസങ്ങളിലും ഇവിടെ ഏതെങ്കിലും ഒരു ട്രെയിൻ ഉണ്ടാകും. ഈ ട്രെയിനുകളുടെ മിക്ക കോച്ചുകളുടെയും വാതിൽ തുറന്ന് കിടക്കുന്നതിനാൽ സാമൂഹ്യവിരുദ്ധർക്കും മറ്റും കോച്ചിനകത്ത് തമ്പടിക്കാൻ സൗകര്യമാണ്. ഇതിനകത്താണ് മദ്യപാനവും അനാശാസ്യപ്രവൃത്തികളും നടക്കുന്നത്. യാത്രക്കാർ ആരെങ്കിലും പരാതിപ്പെടുമ്പോൾ മാത്രമാണ് പൊലീസുകാർ ഇവിടെ എത്തുന്നത്. പൊലീസ് പിടിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവർ വീണ്ടും അക്രമങ്ങളും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളും നടത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കുറച്ചുനാൾ മുൻപ് വീടുവിട്ടിറങ്ങിയ രണ്ട് കുട്ടികൾ ഒളിച്ചിരിക്കാൻ കണ്ടെത്തിയതും ഈ കോച്ചുകളാണ്. സാമൂഹ്യവിരുദ്ധശല്യം പരിഹരിക്കാൻ അടിയന്തരമായി നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.