തിരുവനന്തപുരം: ടോക്കണുകളുടെ എണ്ണം കൂട്ടുകയും വില്പന രണ്ട് മണിക്കൂർ നീട്ടുകയും ചെയ്തിട്ടും ബെവ്കോ മദ്യവില്പന ശാലകളിൽ ഓണത്തിരക്കില്ല. തിരുവോണത്തിന് അവധി നൽകിയിട്ടും കഴിഞ്ഞ ഒാണത്തിന് 487 കോടിയുടെ മദ്യക്കച്ചവടം നടന്നതാണ്.
ബെവ്കോ ആപ്പാണ് ഇക്കുറി വില്ലനായത്. ആപ്പ് വഴിയുള്ള ബുക്കിംഗിൽ ഭൂരിഭാഗവും ബാറുകളിലേക്കാണ് പാേകുന്നത്. ആപ്പിൽ തൊടാൻ താത്പര്യമില്ലാത്തവരും ബാറുകൾ തേടിപ്പോകുന്നു. ബുക്കിംഗില്ലാതെയും അവിടെ മദ്യം കിട്ടും.
ഒൗട്ട്ലെറ്റുകളിൽ തിരുവോണത്തലേന്ന് സാധാരണ പൂരത്തിരക്കാണ്. ഇനിയുള്ള ദിവസങ്ങളിൽ, കൊവിഡ് മാനദണ്ഡം ഉറപ്പാക്കി മദ്യം സാധാരണ നിലയിൽ വിറ്റാലേ ബെവ്കോയ്ക്ക് രക്ഷയുള്ളൂ.
ലോക്ക് ഡൗണിൽ അടച്ചിട്ടിരുന്ന ബെവ്കോ ശാലകൾ വീണ്ടും തുറന്നപ്പോൾ വില്പന വൈകിട്ട് അഞ്ചി മണി വരെയാക്കിയിരുന്നു. എന്നാൽ, വില്പനയ്ക്ക് ആപ്പും ബാറുകളിലും ചില്ലറ വില്പനയും ആരംഭിച്ചതോടെ, ഒഴുക്ക് ബാറുകളിലേക്കായി. ബെവ്കോയുടെ കച്ചവടം പൊളിഞ്ഞു തുടങ്ങി.
ബെവ്കോയുടെ ആവശ്യപ്രകാരമാണ് ഓണക്കാല വില്പന സർക്കാർ വൈകിട്ട് ഏഴ് വരെയാക്കിയത്. പ്രതിദിന ടോക്കണുകളുടെ എണ്ണം 400ൽ നിന്ന് 600 ആയി ഉയർത്തി. എന്നിട്ടും, ഓണക്കച്ചവടം കൊഴുത്തില്ല. തിരുവോണം മുതൽ മൂന്ന് ദിവസം ബെവ്കോയ്ക്ക് അവധിയാണ്. കഴിഞ്ഞ വർഷം മുതലാണ് തിരുവോണം അവധിയാക്കിയത്.
പോയ വർഷങ്ങളിലെ ഓണവില്പന (കോടിയിൽ)
2015 - 353
2016 - 410
2017 - 533
2018 - 516