ബാങ്ക് വായ്പകൾക്ക് കേന്ദ്രം പ്രഖ്യാപിച്ച മോറട്ടോറിയം ആഗസ്റ്റ് 31-ന് അവസാനിക്കുകയാണ്. കൊവിഡ് മഹാമാരിയെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണാണ് മോറട്ടോറിയം കൊണ്ടുവരാൻ ബാങ്കുകളെ നിർബന്ധിതമാക്കിയത്. സമ്പൂർണ അടച്ചിടൽ കാരണം കോടിക്കണക്കിനാളുകളുടെ വരുമാനം നിലയ്ക്കുകയും സമ്പദ് രംഗം തന്നെ സ്തംഭനാവസ്ഥയിലെത്തുകയും ചെയ്തത് ബാങ്കുകളെയും പ്രതിസന്ധിയിലാക്കിയിരുന്നു. മോറട്ടോറിയം തിരിച്ചടവിനു മാത്രമേ ബാധകമാകൂ. പലിശയിളവൊന്നുമില്ല. തിരിച്ചടവു പുനരാരംഭിക്കുന്ന മുറയ്ക്ക് ലോക്ക് ഡൗൺ കാലത്തെ പലിശ കൂടി ചേർത്ത് അടയ്ക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു വലിയ ബുദ്ധിമുട്ടാകും. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ തൊണ്ണൂറു ശതമാനവും പിൻവലിച്ചു കഴിഞ്ഞെങ്കിലും വ്യവസായ - സാമ്പത്തിക മേഖല ഇനിയും പഴയ നിലയിലായിട്ടില്ല. ലക്ഷക്കണക്കിനു പേർ ഇപ്പോഴും തൊഴിൽരഹിതരായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വായ്പാ തിരിച്ചടവിന്റെ പേരിൽ ബാങ്കുകൾ കൂടി സമ്മർദ്ദം ചെലുത്താൻ തുടങ്ങിയാൽ സാധാരണക്കാരുടെ സ്ഥിതി കൂടുതൽ കഷ്ടത്തിലാകും. മോറട്ടോറിയം കാലത്തെ പലിശയെങ്കിലും ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു റിട്ട് ഹർജി പരിഗണിക്കവെ ബുധനാഴ്ച ഈ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങൾ ഏറെ പൊതുപ്രാധാന്യമുള്ളതാണ്.
വായ്പകളുടെ തിരിച്ചടവിനു മാത്രമാണ് മോറട്ടോറിയം ബാധകമെന്നും അതു കഴിഞ്ഞാൽ ഈ കാലയളവിലെ പലിശ കൂടി ചേർത്ത് തിരിച്ചടവ് തുടങ്ങണമെന്നുമാണ് റിസർവ് ബാങ്കിന്റെ നിലപാട്. ബാങ്കുകളും ഇത്തരത്തിലാണ് തങ്ങളുടെ ഇടപാടുകാരെ അറിയിച്ചിട്ടുള്ളത്. ബാങ്കുകളുടെ നിലനില്പുതന്നെ പലിശ വരുമാനത്തിന്മേലാണെന്നതിനാൽ ഏതു സാഹചര്യത്തിലും അത് വേണ്ടെന്നുവയ്ക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഹർജിയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നത്.
പലിശ ഭാരം സർക്കാർ ഏറ്റെടുത്താൽ ബാങ്കുകൾ അത് ഉപേക്ഷിക്കാൻ സന്നദ്ധമാണെന്ന നിലപാടും അറിയിച്ചിട്ടുണ്ട്. മോറട്ടോറിയം കാലത്തുള്ള പലിശ ഇളവിനായി വായ്പക്കാർ മുറവിളി കൂട്ടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് കേന്ദ്ര സർക്കാരിനെ നിശിതമായി കോടതി വിമർശിച്ചത്. മോറട്ടോറിയം വിഷയത്തിൽ സ്വന്തം ബാദ്ധ്യതകൾ നിറവേറ്റാതെ കേന്ദ്രം റിസർവ് ബാങ്കിനു പിന്നിൽ ഒളിച്ചുനിൽക്കുകയാണെന്നായിരുന്നു കോടതിയുടെ പരാമർശം. പലിശ പ്രശ്നത്തിൽ സർക്കാരാണ് വ്യക്തവും ദൃഢവുമായ ഒരു നിലപാട് എടുക്കേണ്ടത്. സർക്കാർ പലിശ ബാദ്ധ്യത ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകാവുന്നതേയുള്ളൂ. മഹാമാരി നേരിടാനായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് എല്ലാ ദുരിതങ്ങൾക്കും കാരണം. ആയതിനാൽ ലോക്ക് ഡൗൺ കാലത്ത് വായ്പാ പലിശയിളവ് നൽകാൻ സർക്കാരിന് ധാർമ്മിക ബാദ്ധ്യതയുണ്ട്. ആ ചുമതല നിറവേറ്റുന്നതിനു പകരം എല്ലാം റിസർവ് ബാങ്ക് നോക്കിക്കൊള്ളുമെന്നു പറഞ്ഞ് മാറിനിൽക്കാൻ സർക്കാരിനാവില്ലെന്ന കോടതി നിരീക്ഷണം ജനങ്ങൾക്ക് പ്രത്യാശ പകരുന്നതാണ്. ഈ വിഷയത്തിൽ കേന്ദ്രം ഇതുവരെ നിലപാട് കൈക്കൊള്ളാത്തതിനെയും കോടതി വിമർശിക്കുകയുണ്ടായി. ദുരന്ത നിവാരണ നിയമമനുസരിച്ച് യുക്തമെന്നു തോന്നുന്ന ഏതു തീരുമാനവുമെടുക്കാൻ സർക്കാരിന് അധികാരമുള്ളപ്പോഴാണ് ഈ ഒളിച്ചുകളി. ബാങ്കിംഗ് കാര്യങ്ങളിൽ വൻകിടക്കാരുടെ താത്‌പര്യങ്ങൾക്ക് സർക്കാർ എപ്പോഴും മുന്തിയ പരിഗണന നൽകുന്നതിനെതിരെയും വിമർശനമുയർന്നു. സാധാരണക്കാരുടെ താത്‌പര്യങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്. മൂന്നു മാസത്തെ പലിശ അപ്പാടെ ഏറ്റെടുക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞെന്നു വരില്ല. എന്നാൽ കേന്ദ്രത്തിന് അത് സാധിക്കും. എത്രയോ അവസരങ്ങളിൽ അങ്ങനെ ചെയ്തിട്ടുമുണ്ട്. ജനങ്ങൾ ഒന്നടങ്കം മഹാമാരിയുടെ ദുരിതത്തിൽപ്പെട്ടുഴലുന്ന ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ ജനങ്ങൾ ആവശ്യപ്പെടാതെ തന്നെ ആശ്വാസ നടപടിയുമായി വരേണ്ടതായിരുന്നു.
ബാങ്കുകളുടെ കിട്ടാക്കടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നുമാസത്തെ പലിശയിളവ് ബാങ്കുകളെ മുച്ചൂടും മുക്കുന്ന ഒന്നല്ലെന്ന് ആർക്കും ബോദ്ധ്യമാകും. ഏഴോ എട്ടോ ലക്ഷം കോടി രൂപയാണ് ബാങ്കുകൾക്കെല്ലാം കൂടിയുള്ള കിട്ടാക്കടം. ഓരോ വർഷവും വിവിധ തരത്തിലുള്ള തട്ടിപ്പുകൾ വഴി മാത്രം അരലക്ഷം കോടി രൂപയിലധികമാണ് നഷ്ടമാകുന്നത്. സാധാരണക്കാർ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരമാവധി സത്യസന്ധത കാണിക്കുമ്പോൾ വൻകിട വായ്പക്കാർ സദാ വീഴ്ച വരുത്തി ബാങ്കുകളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിയമങ്ങൾ ഏറെ കർശനമാക്കിയിട്ടും വൻ സംഖ്യകളാണ് വൻകിടക്കാരിൽ നിന്ന് ഈടാക്കാനാകാതെ 'നിഷ്‌ക്രിയ ആസ്തി"യായി ഓരോ ബാങ്കിന്റെയും കണക്കുപുസ്തകത്തിലുള്ളത്.
മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചപ്പോൾത്തന്നെ വായ്പക്കാരിൽ ബുദ്ധിയുള്ളവർ ഈ ആനുകൂല്യം സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. മോറട്ടോറിയം കാലത്തെ പലിശ കൂടി ചേർത്ത് പിന്നീട് നൽകേണ്ടിവരുമെന്ന് അവർക്ക് അറിയാമായിരുന്നു. വായ്പക്കാരോട് ബാങ്കുകൾ ഇതുസംബന്ധിച്ച് ഓപ്‌ഷനും തേടിയിരുന്നു. സമ്മർദ്ദ സാഹചര്യങ്ങളാൽ വായ്പാ ഗഡു തന്നെ അടയ്ക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങളാണ് മോറട്ടോറിയം സ്വീകരിക്കാൻ തയ്യാറായത്. അപ്പോഴും ഈ കാലയളവിലെ പലിശയിൽ നിന്നു മോചനം ലഭിക്കുമെന്നു പ്രതീക്ഷ പുലർത്തിയവരാണു പലരും. ജൂൺ മാസത്തിലും മോറട്ടോറിയം കാലത്തെ പലിശ പ്രശ്നം കോടതിയിൽ എത്തിയതാണ്. എന്നാൽ കാലാവധി തീരാറായിട്ടും ഈ വിഷയത്തിൽ കേന്ദ്രം നിലപാട് കോടതിയെ അറിയിച്ചിട്ടില്ല.
കൊവിഡ് ഭീഷണി വിട്ടൊഴിയാതെ തുടരുന്ന സാഹചര്യത്തിൽ അർഹരായവർക്കെങ്കിലും പലിശയിളവു നൽകാൻ സർക്കാർ തയ്യാറാകണം. ബാങ്കുകൾക്കു ഭാരമാകാതെ സർക്കാരിന് ഈ ദൗത്യം ഏറ്റെടുക്കാവുന്നതേയുള്ളൂ. വരുമാനം മുടങ്ങി അഷ്ടിക്കു വകയില്ലാതെ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന ലക്ഷക്കണക്കിനാളുകൾക്ക് അതു വലിയ സഹായമാകും. ബാങ്കുകൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ സർക്കാരിന് പരിഹാരം കാണാൻ കഴിയുന്ന വിഷയമാണിത്. ഇളവ് അനുവദിക്കുന്നതിന് വേണമെങ്കിൽ മാനദണ്ഡം നിശ്ചയിക്കാം. ഉയർന്ന ഗണത്തിൽപ്പെടുന്നവരെ ഒഴിവാക്കാം. എന്നാൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സാധാരണക്കാർ തീർച്ചയായും ആനുകൂല്യം അർഹിക്കുന്നവരാണ്. അവരുടെ സഹായത്തിന് സർക്കാർ എത്തുക തന്നെ വേണം.