വിദേശം, അന്യസംസ്ഥാനം, അന്യജില്ല എന്നിവിടങ്ങളിൽ നിന്ന് നാട്ടിലെത്തിയവരാണല്ലോ ക്വാറന്റൈൻ പോയിരുന്നത്. എന്നാൽ ക്രമേണ അവയിൽ ചിലത് മാറി. ഇപ്പോൾ കൊവിഡ്19 പോസിറ്റീവായവരുമായി പ്രാഥമിക സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ ക്വാറന്റൈനിൽ പോകേണ്ടിവരുന്നവരാണ് കൂടുതൽ. പ്രാഥമിക സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ടവരെ ടെസ്റ്റിന് വിധേയമാക്കി നെഗറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെട്ടവരും ക്വാറന്റൈനിൽ പോകണം, 14 ദിവസം.
വ്യവസായം,സ്ഥിരം യാത്രക്കാർ, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപന തോതനുസരിച്ച് സർക്കാർ നിർദ്ദേശങ്ങൾ മാറിക്കൊണ്ടിരിക്കും.
വരുന്ന മാസങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുമെന്ന കണ്ടെത്തലിനെത്തുടർന്ന് പുതിയ നിർദ്ദേശങ്ങളും സർക്കാർ നൽകി വരുന്നു.
പോസിറ്റീവായാലും ഭയം വേണ്ട
എപ്പോൾ വേണമെങ്കിലും പോസിറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെട്ട ഒരാളുടെ സമ്പർക്ക പട്ടികയിൽ നമ്മളും ഉൾപ്പെടാം. ഉടൻതന്നെ നിങ്ങളുടെ പ്രദേശത്തെ ആരോഗ്യ പ്രവർത്തകനെ വിവരമറിയിക്കുകയും അടുത്ത 14 ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാൻ തയ്യാറാകുകയും വേണം. സർക്കാരിന്റെ ഏറ്റവും അടുത്തുള്ള സ്വാബ് പരിശോധനാ കേന്ദ്രത്തിൽ നിങ്ങൾക്ക് സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്താനുള്ള നടപടികൾ ആരോഗ്യപ്രവർത്തകർ ഏർപ്പാടാക്കും. അതല്ലെങ്കിൽ സ്വകാര്യ ലാബുകളിൽ ഇപ്പോൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെതന്നെ സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇത്തരം പരിശോധനകൾ നടത്താവുന്നതേയുള്ളൂ.
പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായി 2 മുതൽ 14 ദിവസത്തിനുള്ളിലാണ് പ്രാഥമിക സമ്പർക്കമുള്ളയാൾ പോസിറ്റീവാകാൻ ഇടയുള്ളത്. അതിനാൽ സമ്പർക്കത്തിലായി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം തന്നെ യാതൊരുവിധ ലക്ഷണവുമില്ലെങ്കിലും കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. പ്രത്യേകിച്ച്, കുട്ടികൾ കാര്യമായ ലക്ഷണമില്ലാതെ രോഗപ്പകർച്ചയുണ്ടാകുന്നതിന് കാരണമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഏറ്റവും കൂടുതൽ ആളുകളുമായി ശാരീരിക അകലം പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും ഇടപെടുന്നവർ കുട്ടികളാണല്ലോ.
സ്വന്തം വീടുകളിലും കഴിയാം
സ്വന്തമായി ലാബിൽ പരിശോധിക്കുമ്പോൾ പോസിറ്റീവ് ആണെന്നറിഞ്ഞാലും ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം.കോവിഡ് രോഗ ലക്ഷണങ്ങളില്ലാതെ ആരോഗ്യമുള്ളവർക്ക് സൗകര്യമുണ്ടെങ്കിൽ സ്വന്തം വീടുകളിൽ കഴിയുന്നതിനുള്ള അനുമതി ലഭിക്കും. ബാത്ത് അറ്റാച്ച്ഡ് റൂം, അസുഖമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു സഹായി, ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാനുള്ള സംവിധാനം, വേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സാഹചര്യവും തുടങ്ങിയവ ഉറപ്പാക്കുന്ന ഒരു സത്യപ്രസ്താവന എന്നിവ ഉറപ്പാക്കണം.
അനുമതിയില്ലാത്തവർ ആരൊക്കെ?
65 വയസ്സിനു മുകളിൽ പ്രായം, 12 വയസ്സിനു താഴെ പ്രായം, ഗർഭിണികൾ, കരൾ രോഗികൾ, വൃക്കരോഗികൾ, ദീർഘകാലമായി രോഗമുള്ളവർ തുടങ്ങിയവർക്ക് വീടുകളിൽ സൗകര്യമുണ്ടായാലും അവിടെ താമസിക്കുന്നതിന് അനുമതിയില്ല. രോഗം അപകടകരമായ അവസ്ഥയിലെത്താമെന്നതിനാലും അടിയന്തര ചികിത്സ ആവശ്യമായിവരുമെന്നതിനാലാണ് ഈ നിർദ്ദേശം.
പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചവരിൽ ലക്ഷണങ്ങൾ പ്രകടമല്ലാത്തവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററുകളിലാണ് (സി.എഫ്. എൽ.ടി.സി) പാർപ്പിക്കുന്നത്. അവിടെവച്ച് ആർക്കെങ്കിലും പനി, ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സൗകര്യം കൂടുതലുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.
കടമ മറക്കരുത്
സി.എഫ്. എൽ.ടി.സി കളിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനും പ്രാഥമിക ചികിത്സകളും നൽകുന്നതിനും ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ് എന്നിവരും മറ്റു സഹായങ്ങൾക്കായി പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ളവരുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും പി .എച്ച്. സി മെഡിക്കൽ ഓഫീസർ നോഡൽ ഓഫീസറും ഉൾപ്പെട്ട മാനേജ്മെൻറ് കമ്മിറ്റി അതത് ദിവസങ്ങളിൽ തന്നെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പരിഹാരം കാണുകയും ചെയ്യും. പഞ്ചായത്താണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. അതിനായി പഞ്ചായത്ത് തലത്തിൽ നോഡൽ ഓഫീസർ ,ചാർജ് ഓഫീസർ മുതലായവർ പഞ്ചായത്ത് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ക്വാറന്റൈൻ സെൻറർ, സി.എഫ്. എൽ.ടി.സി തുടങ്ങിയവകളിലും സ്വാബ് കളക്ഷൻ യൂണിറ്റുകളിലുമുള്ളവർ കഴിഞ്ഞ നിരവധി മാസങ്ങളായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരാണ്. ലോക് ഡൗൺ ആയത് കാരണം പല കാര്യങ്ങളും സജ്ജീകരിക്കുന്നതിന് വളരെ പ്രയാസങ്ങൾ അനുഭവിക്കുന്നവരുമാണ്. എന്നാലും കോവിഡിനെ തുരത്താൻ കരുതലോടെ ഇറങ്ങിയവരാണവർ.
അവരോട് സഹകരിക്കാൻ തയ്യാറാകുക.
സഹകരണം അനിവാര്യം
സി.എഫ്. എൽ.ടി.സിയിൽ എത്തുന്നവർക്ക് കിടക്ക,മെത്ത, തലയണ, പാത്രങ്ങൾ ,മറ്റ് അവശ്യസാധനങ്ങൾ, ആഹാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ആവശ്യമെങ്കിൽ മരുന്നും നൽകും.
സ്വാബ് പരിശോധിക്കാൻ പോകുമ്പോൾ തന്നെ പോസിറ്റീവ് ആയാൽ സി.എഫ്. എൽ.ടി.സിയിലേക്ക് മാറുന്നതിന് കണക്കാക്കി 10 ദിവസത്തേക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ സ്വന്തമായി കരുതുകയാണ് നല്ലത്. ഒരു യാത്ര പോകുമ്പോൾ നമ്മൾ എന്തൊക്കെ എടുക്കുമോ അവയെല്ലാം തയ്യാറാക്കി വയ്ക്കുന്നത് ഇപ്പോഴുള്ള സാഹചര്യത്തിൽ നല്ലതാണ്.
കോവിഡ് പോസിറ്റീവ് ആയവർക്കുണ്ടാകുന്ന വായ്ക്ക് രുചിയില്ലായ്മ പലപ്പോഴും ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് 10 ദിവസം മാറി നിൽക്കേണ്ടിവരുന്നത് പല തരത്തിലുള്ള വിഷമത്തിനിടയാക്കും. മരുന്നൊന്നും പ്രത്യേകിച്ച് നൽകാതെ ഇവിടെ എന്തിനു കൊണ്ടിട്ടിരിക്കുന്നു എന്ന ചോദ്യവും ചിലർക്കുണ്ട്.
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ എത്രയും വേഗം ചികിത്സ നൽകാനും ജീവൻ രക്ഷിക്കാനും പോസിറ്റീവ് ആയതറിയാതെ മറ്റുള്ളവരുമായി സഹകരിച്ച് രോഗം പരത്തുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.
പലയിടത്തും സ്കൂൾ കെട്ടിടമാണ് സി.എഫ്. എൽ.ടി.സി ആക്കിയിട്ടുള്ളത്. സൗകര്യങ്ങൾ കുറച്ചു കുറയുമെങ്കിലും നമ്മുടെ ലക്ഷ്യം സാധൂകരിക്കുന്നതിന് ഇതു മതിയാകും. അതിനുവേണ്ടി ഇത്തരം സാഹചര്യങ്ങളുമായി സഹകരിക്കണമെന്നാണ് പറയാനുള്ളത്.
സി.എഫ്. എൽ.ടി.സി യിലുള്ളവർക്ക് 10 ദിവസം ആകുന്ന മുറയ്ക്ക് റീടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്ക് വിടുകയും ചെയ്യും. സ്വാബ് കളക്ട് ചെയ്തിടത്തുനിന്ന് സി.എഫ്. എൽ.ടി.സിയിൽ എത്തിക്കുന്നതിനും റീ ടെസ്റ്റിൽ നെഗറ്റീവ് ആയവരെ തിരികെ വീടുകളിലെത്തിക്കുന്നതിനും വാഹനസൗകര്യം പഞ്ചായത്തുകൾ വഴി ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആംബുലൻസും.