തിരുവനന്തപുരം: നിയമനത്തിനായി കാത്തിരിക്കുന്നതിന്റെ മനോവിഷമം മാദ്ധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച ഉദ്യോഗാർത്ഥികളെ പി.എസ്.സിയുടെ വിവിധ തിരഞ്ഞെടുപ്പുകളിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കിയത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. റാങ്ക് ലിസ്റ്റുള്ളപ്പോൾ പിൻവാതിൽ നിയമനത്തിനായി സർക്കാരും പി.എസ്.സിയും നടത്തിയ ഒത്തുകളിക്കെതിരെ വ്യാപക പ്രതിഷേധമാണുണ്ടാകുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചാണ് പി.എസ്.സിയുടെ വിചിത്ര നടപടി. മുൻ ചെയർമാൻമാരുടെ നേതൃത്വത്തിൽ പി.എസ്.സിയിൽ നിഷ്കർഷതയോടെ നടപ്പാക്കിയിരുന്ന നടപടിക്രമങ്ങളെ കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ ചെയർമാനും കൂട്ടരും മുന്നോട്ട് നീങ്ങുന്നത്. തെറ്റ് തിരുത്തി ഉദ്യോഗാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയ ഹീനനടപടി പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.