occupancy-certificate

തിരുവനന്തപുരം : ആശിച്ചു മോഹിച്ചു വച്ച വീട്ടിൽ വിഷുവിന് പാലുകാച്ചിക്കയറാനുള്ള ശ്രമത്തിനു തുരങ്കംവച്ച കൊവിഡ് ചിങ്ങത്തിലും വില്ലനായതോടെ ഒട്ടേറെ കുടുംബങ്ങൾ വിഷമത്തിലായി. കൊവിഡ് വ്യാപനം കോർപറേഷൻ, പഞ്ചായത്ത് ഓഫീസ് പ്രവർത്തനത്തെ സാരമായി ബാധിച്ചതോടെ ഒക്യുപ്പെൻസി സർട്ടിഫിക്കറ്റ് വിതരണം ഉൾപ്പെടെ നടക്കാത്തതാണ് ഗൃഹപ്രവേശനത്തിനു തടസമാകുന്നത്. സെപ്തംബർ 16ന് ചിങ്ങം അവസാനിക്കും. അതിന് മുൻപ് വീട്ടിൽ കയറാനാകുമോയെന്നാണ് ആശങ്ക. ഒക്യുപ്പെൻസി അപേക്ഷകൾ അടിയന്തരമായി തീ‌ർപ്പാക്കാൻ നടപടി വേണമെന്നാണ് ആയിരങ്ങളുടെ ആവശ്യം.

തിരുവനന്തപുരം, കൊല്ലം,കൊച്ചി,തൃശൂർ കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 1531 ഒക്യുപ്പെൻസി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ ഇതിന്റെ പലമടങ്ങ് വരും.
നഗരസഭകളിൽ ഏറ്റവും കൂടുതൽ അപേക്ഷ തീർപ്പാക്കാനുള്ളത് കൊച്ചിയിൽ, 412. കുറവ് കണ്ണൂരിൽ 138. പൂർത്തിയായ വീടുകൾക്ക് എൻജിനിയറിംഗ് വിഭാഗമാണ് ഓക്യുപ്പെൻസി നൽകുന്നത്.

കെട്ടിടനിർമ്മാണ പെർമിറ്റ്, പെർമിറ്റ് പുതുക്കൽ, പെർമിറ്റ് റഗുലറൈസേഷൻ എന്നിവയ്ക്കുള്ള അപേക്ഷകളും കെട്ടിക്കിടക്കുന്നു.

ഒക്യുപ്പെൻസി വേണ്ടത്

 ഒക്യുപ്പെൻസി ലഭിച്ചാലേ റവന്യു വിഭാഗത്തിൽ നിന്ന് കരം നിശ്ചയിച്ച് ടി.സി നമ്പർ നൽകൂ

 ടി.സിയുണ്ടെങ്കിലേ വൈദ്യുതിക്കും വെള്ളത്തിനും അപേക്ഷിക്കാനുള്ള ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകൂ

 ലോണെടുത്ത് വീട് വയ്ക്കുന്നവർക്ക് അവസാന ഗഡു കിട്ടാനും വേണം ടി.സി നമ്പർ

.

കോർപറേഷനുകളും കെട്ടിക്കിടക്കുന്ന അപേക്ഷയും

തിരുവനന്തപുരം

ഒക്യുപ്പെൻസി : 328

പെർമിറ്റ്: 226

മറ്റുള്ളവ: 256

കൊല്ലം

ഒക്യുപ്പെൻസി : 236

പെർമിറ്റ്: 184

മറ്റുള്ളവ: 194

കൊച്ചി

ഒക്യുപ്പെൻസി : 412

പെർമിറ്റ്: 220

മറ്റുള്ളവ: 164

കോഴിക്കോട്

ഒക്യുപ്പെൻസി : 191

പെർമിറ്റ്: 166

മറ്റുള്ളവ: 202

തൃശൂർ

ഒക്യുപ്പെൻസി : 226

പെർമിറ്റ്: 172

മറ്റുള്ളവ: 178

കണ്ണൂർ

ഒക്യുപ്പെൻസി : 138

പെർമിറ്റ്: 121

മറ്റുള്ളവ: 101

'ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കാൻ കോർപറേഷനുകൾക്ക് സർക്കാർ അടിയന്തര നിർദേശം നൽകണം. എൻജിനിയറിംഗ് വിഭാഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം".

- കവടിയാർ ഹരികുമാർ, പ്രസിഡന്റ്,

ഓൾ കേരള ബിൾഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ.