3

തിരുവനന്തപുരം: സർക്കാരിനെ ശരിയാക്കാൻ ജനം കാത്തിരിക്കുമ്പോൾ വിമോചനസമരത്തിന്റെ ആവശ്യമില്ലെന്ന് കെ. മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണം സമ്പൂർണ പരാജയമായതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അഴിമതിയും സ്വർണക്കടത്തും തുടരാൻ കൊവിഡ് വ്യാപനം മാറരുതെന്നാഗ്രഹിക്കുന്ന ഒരേയൊരാൾ പിണറായി വിജയനാണ്.

അതിരാത്രം കഴിഞ്ഞ യാഗശാല കത്തിക്കുന്ന ഏർപ്പാട് പോലെയാണ് അവിശ്വാസപ്രമേയ ചർച്ച കഴിഞ്ഞതിന് പിന്നാലെ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് കത്തിച്ച് വിവാദങ്ങളവസാനിപ്പിക്കാൻ നടത്തിയ ശ്രമം. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വരുംമുമ്പ് ഫാനിനെ കുറ്റപ്പെടുത്തി മരാമത്ത് വകുപ്പ് റിപ്പോർട്ടുണ്ടാക്കിയതിൽ ദുരൂഹതയുണ്ട്. പ്രത്യേക സാഹചര്യത്തിലും സമയത്തും തീ കത്തുമ്പോഴാണ് വിവാദമുണ്ടാകുന്നതെന്ന് മന്ത്രി ജയരാജൻ മനസിലാക്കണം.

സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴെല്ലാം കൊവിഡ് വ്യാപിക്കുമെന്ന് പറഞ്ഞ് ഭീതിയുണ്ടാക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമം. ഫയൽ കത്തിക്കൽ പോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ സമരം കൈവിട്ടുപോകും. അതിന് സർക്കാരാണ് ഉത്തരവാദി. നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയ്‌ക്ക് മുഖ്യമന്ത്രി മൂന്നേമുക്കാൽ മണിക്കൂർ പ്രസംഗിച്ചിട്ടും പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല. ബി.ജെ.പിയെ വളർത്തിയത് കോൺഗ്രസാണെന്ന് കള്ളം പറയുന്ന പിണറായി പഴയ കൂട്ടുകെട്ടുകൾ മറക്കരുതെന്നും മുരളീധരൻ പറഞ്ഞു.