k-muraleedharan

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തെക്കുറിച്ചുള്ള കത്തിൽ ഒപ്പിട്ട ഡോ. ശശി തരൂർ എം.പിയെ പരിഹസിച്ച് കെ. മുരളീധരൻ എം.പി. അദ്ദേഹം വിശ്വപൗരനും തങ്ങളെല്ലാം സാധാരണ പൗരന്മാരും ആയതിനാൽ അച്ചടക്കനടപടി ആവശ്യപ്പെടുന്നില്ലെന്ന് മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കത്തിൽ ഒപ്പിട്ട പി.ജെ. കുര്യൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിനെ വിശ്വാസത്തിലെടുക്കുന്നു. കോൺഗ്രസിനെ നശിപ്പിക്കാൻ മോദി ശ്രമിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന് പിന്തുണ നൽകുന്നതിന് പകരം മുതിർന്ന നേതാക്കളുൾപ്പെടെ കത്ത് നൽകിയത് അനവസരത്തിലാണ്. കോൺഗ്രസ് പ്ലീനറി സമ്മേളനം ജനുവരിയിലോ ഫെബ്രുവരിയിലോ ചേരാൻ നേരത്തേ തന്നെ ധാരണയുണ്ടായിരിക്കെയാണ് അനാവശ്യമായി കത്ത് നൽകിയത്. അടുത്ത പ്ലീനറി സമ്മേളനത്തിൽ പാർട്ടി അദ്ധ്യക്ഷസ്ഥാനം രാഹുൽഗാന്ധി ഏറ്റെടുക്കണം. ആ വികാരം അദ്ദേഹം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.