മാള: പ്രളയ ഭീതിക്കിടയിൽ കൊവിഡും ഭീഷണിയായപ്പോൾ കർഷകർക്ക് ഈ വർഷവും ഓണം വറുതിയിൽ. എല്ലാവർഷവും ഓണത്തിന് വ്യാപകമായി കൃഷി ചെയ്തിരുന്ന മാള മേഖലയിലെ പ്രധാന കർഷകരിലേറെയും വിപണിയിൽ ഇത്തവണ വെറും കാഴ്ചക്കാരായി മാറി. കാലാവസ്ഥ മുന്നറിയിപ്പാണ് ഇവർക്ക് വിനയായത്.
വിനയായ കാലാവസ്ഥ മുന്നറിയിപ്പ്
കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രളയവും വെള്ളപ്പൊക്കവുമായി ഈ മേഖലയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ വർഷം സർക്കാരും കാലാവസ്ഥാ മുന്നറിയിപ്പായി പ്രളയ സമാനമായ അവസ്ഥ പ്രവചിച്ചിരുന്നു. കൊവിഡിനിടയിൽ ജാഗ്രതാ മുന്നറിയിപ്പുകളും കൂടി അറിഞ്ഞതോടെ കർഷകർ ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയിൽ നിന്ന് പിന്മാറി.നിരവധി ഇടങ്ങൾ കണ്ടെയിൻമെന്റ് മേഖല കൂടിയായപ്പോൾ കൃഷി ഇട്ടവർക്ക് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. എന്നിരുന്നാലും പതിവ് കൃഷിയിൽ നിന്നുള്ള ചെറുഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. ഓണമായതോടെ പച്ചക്കറികൾക്കെല്ലാം മികച്ച വിലയാണുള്ളത്. നേന്ത്രക്കായ ഏതാനും ദിവസം മുൻപ് 25 രൂപ ഉണ്ടായിരുന്നത് ഓണം അടുത്തപ്പോൾ 55 മുതൽ 60 വരെയെത്തിയിട്ടുണ്ട്. മാള മേഖലയിലെ കർഷകർക്ക് ഇത് തുടർച്ചയായ മൂന്നാം വർഷമാണ് വറുതിയുടെ ഓണം വന്നിരിക്കുന്നത്.
പ്രതീക്ഷയോടെ കാലംതെറ്റി കൃഷി
പ്രളയ ഭീതി ഒഴിഞ്ഞതോടെ ചില കർഷകർ വീണ്ടും കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ്. വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണത്തെ കൃഷിയിറക്കലിന്റെ കാലമായി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഓണ വിപണി ലക്ഷ്യമിട്ട് വ്യാപകമായി കൃഷിയിറക്കിയ താഴ്ന്ന സ്ഥലങ്ങളെല്ലാം ഇപ്പോൾ തരിശായി കിടക്കുകയാണ്. സാധാരണ ഓണത്തിന് മുമ്പ് പരസ്പരം കാണാനും സംസാരിക്കാനും സമയം ലഭിക്കാത്ത അത്രയും തിരക്കുള്ള ഈ കർഷകർ ഇന്ന് വിളവെടുപ്പില്ലാതെ ഇല്ലായ്മയുടെ പിടിയിലാണ്.