onam

തിരുവനന്തപുരം: സി.പി.എം 2015 മുതൽ നടത്തിവരുന്ന കാർഷിക കാമ്പെയിന്റെ ഭാഗമായി ഈ ഓണക്കാലത്ത് സംസ്ഥാനത്ത് 1000 കാർഷിക വിപണികൾ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് നെടുമങ്ങാട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിക്കും.
നമ്മുടെ പച്ചക്കറി ആവശ്യത്തിന്റെ മൂന്നിൽ രണ്ടും പുറത്ത് നിന്ന് വിഷം തളിച്ച് വരുന്ന പശ്ചാത്തലത്തിലായിരുന്നു കർഷകരെയും പാർട്ടിയംഗങ്ങളെയും അണിനിരത്തി കാർഷിക രംഗം വിപുലപ്പെടുത്താൻ തീരുമാനിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സുഭിക്ഷ കേരളം പദ്ധതി കാർഷിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചു.

ഈ സാഹചര്യത്തിൽ കർഷകർ ഉല്പാദിപ്പിച്ച ഉല്പന്നങ്ങൾക്ക് പരമാവധി വിപണന സൗകര്യം ഏർപ്പെടുത്തുന്നതിനും വിഷരഹിത ഉല്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിനുമായാണ് കാർഷിക വിപണികൾ ഈ മാസം 28, 29, 30 തീയതികളിൽ സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നത്.