തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം വായ്പയെടുത്ത് നൽകണമെന്ന് ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സെസ് നിരക്ക് വർദ്ധിപ്പിക്കാനോ, കൂടുതൽ കാലത്തേക്ക് പിരിക്കാനോ കഴിയാത്തതിനാൽ, സംസ്ഥാനങ്ങൾക്ക് പകരം കേന്ദ്രം വായ്പയെടുത്ത് നൽകണമെണ് യോഗത്തിൽ പൊതുവെ ഉയർന്ന അഭിപ്രായം. കേന്ദ്ര നിർദ്ദേശങ്ങൾ മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം ഒരാഴ്ചയ്‌ക്കുള്ളിൽ മറുപടി നൽകും.
കൊവിഡ് മൂലമുള്ളതെന്നും, ജി.എസ്.ടി വഴിയുള്ളതെന്നും വേർതിരിച്ച് നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യതയിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുന്നത് വഞ്ചനയും അനീതിയുമാണ്. ഇത് സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടാക്കും. 21 ലക്ഷം കോടി ആത്മനിർഭർ ഭാരതിന് ചെലവിട്ട കേന്ദ്രത്തിന്, രണ്ടര ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് നൽകാവുന്നതേയുള്ളു. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം ആറ് മാസമായി നീട്ടിക്കൊണ്ടു പോകുന്നു.
തൃശൂരിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 3.846 കിലോ സ്വർണം പിടികൂടി..1.96 കോടി രൂപ പിഴയീടാക്കി വിട്ടുകൊടുത്തു. ജി.എസ്.ടിയിലെ 130-ാം വകുപ്പ് പ്രകാരമാണ് നടപടി. സെക്രട്ടേറിയറ്റിലെ ഫയലുകൾ കത്തിച്ചതാണെന്ന് പറയുന്നവർക്ക്, ഏത് ഫയലാണ് കത്തിയതെന്ന് പറയാനും ബാദ്ധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രം വച്ചത് രണ്ടു നിർദ്ദേശങ്ങൾ
കൊവിഡ് കാലത്തെ ജി.എസ്.ടി വരുമാന നഷ്ടത്തെ രണ്ടായിക്കണ്ടുള്ള നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടു വച്ചത് .
1.ജി.എസ്.ടി മൂലമൂള്ള വരുമാന നഷ്ടമായ 97,000 കോടി നികത്താൻ കേന്ദ്രം കടമെടുക്കും. കൊവിഡ് മൂലമുണ്ടായ വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങളും കടമെടുക്കണം. അതിനായി എഫ്.ആർ.ബി.എം പരിധി അര ശതമാനം ഉയർത്തും
2. നഷ്ടപരിഹാരത്തിനുള്ള മുഴുവൻ തുകയും ( 2.35 ലക്ഷം കോടി) സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന് റിസർവ്വ് ബാങ്കുമായി കേന്ദ്രം ഇടപെട്ട് സഹായം നൽകും.