തിരുവനന്തപുരം: സ്വർണക്കടത്തിന്റെ സുപ്രധാനമായ പല തെളിവുകളും പൊതുഭരണ വകുപ്പിലുണ്ടെന്ന് മനസിലാക്കിയിട്ടും എൻ.ഐ.എ അത് പിടിച്ചെടുക്കാതെ നശിപ്പിക്കാൻ സാഹചര്യമൊരുക്കിയത് ഗുരുതരമായ വീഴ്ചയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. തെളിവുകൾ ഓരോന്നായി നശിപ്പിക്കാൻ സർക്കാരിന് അവസരം കിട്ടി. കേസുമായി ബന്ധപ്പെട്ട മുഖ്യപ്രതികളുടെ സാന്നിദ്ധ്യം മനസിലാക്കാനാണ് സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ എല്ലാം ഇടിമിന്നലിൽ നശിച്ചെന്ന വിചിത്ര വാദമാണ് സർക്കാരിൽ നിന്നുണ്ടായത്. ഇപ്പോൾ സെക്രട്ടേറിയറ്റിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തവുമുണ്ടായി. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്.
അഗ്നിബാധയുണ്ടായപ്പോഴുള്ള ഇടതുപക്ഷ ഉദ്യോഗസ്ഥ സംഘടനാ നേതാവായ അഡിഷണൽ സെക്രട്ടറിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. തീപിടിത്തവുമായി ബന്ധപ്പെട്ടുള്ള ബി.ജെ.പിയുടെ പ്രതിഷേധത്തിന് ആത്മാർത്ഥതയില്ല. ബി.ജെ.പിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണോ അന്വേഷണത്തിന്റെ മെല്ലപ്പോക്കെന്നും മുല്ലപ്പള്ളി ചോദിച്ചു.