തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) തസ്തികയുടെ മെയിൻ പരീക്ഷ നവംബർ 20,21 തിയതികളിൽ. കഴിവതും വേഗം ഫലം പ്രഖ്യാപിച്ച് ഇന്റർവ്യൂ പൂർത്തീകരിക്കാനും, അടുത്ത മാർച്ചിനുള്ളിൽ റാങ്ക്പട്ടിക തയ്യാറാക്കി നിയമന ശുപാർശ നൽകിത്തുടങ്ങാനുമാണ് പി.എസ്.സിയുടെ പദ്ധതി. 90 ഒഴിവുകളിലേക്കായിരിക്കും ആദ്യ നിയമനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായിരിക്കും മുഖ്യ പരീക്ഷ. നവംബർ 20ന് ആദ്യ രണ്ട് പേപ്പറുകളും 21ന് മൂന്നാം പേപ്പറും. നേരിട്ട് അപേക്ഷിച്ചവരുടെ ഒന്നാം കാറ്റഗറിക്ക് പ്രാഥമിക പരീക്ഷയിൽ 77 ആണ് കട്ട്ഓഫ് മാർക്ക്. ഗസറ്റഡ് റാങ്കിലല്ലാത്ത ജീവനക്കാർക്കുള്ള രണ്ടാം കാറ്റഗറിക്ക് 60 മാർക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ചേർത്താണ് റാങ്ക്പട്ടിക. 30 വകുപ്പുകളിലെ ജൂനിയർ ടൈം, സീനിയർ ടൈം, സെക്ഷൻ ഗ്രേഡ്, സൂപ്പർ ടൈം സ്കെയിലുകളിൽ നാല് ഘട്ടങ്ങളിലായാണ് നിയമനം. കേന്ദ്ര സിവിൽ സർവീസ് പരീക്ഷയുടെ മാതൃകയിലായിരിക്കും കെ.എ.എസ് മെയിൻ പരീക്ഷ.റാങ്ക് ലിസ്റ്റിൽപ്പെട്ടവരെ ജൂനിയർ ടൈം സ്കെയിൽ ഓഫീസർ തസ്തികയിൽ നിയമിച്ച് രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിന് അയയ്ക്കും.