തിരുവനന്തപുരം: കൊവിഡ് കാലത്തെ ഓണം മലയാളികൾ വീട്ടിലിരുന്ന് ആഘോഷിക്കുമ്പോൾ ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാനാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങളാണ് നല്ലത്. പോഷകസമൃദ്ധമായ സദ്യ കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം ചിട്ടയായ വ്യായാമം കൂടിയുണ്ടെങ്കിൽ രോഗപ്രതിരോധശേഷിയും വർദ്ധിക്കും. ലോക്ക് ഡൗണിനെത്തുടർന്ന് വീട്ടിൽ ഒതുങ്ങിയതോടെ കുട്ടികൾ ജങ്ക് ഫുഡിനെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. രക്ഷിതാക്കളും ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വളരെ ഉയർന്ന തോതിൽ കലോറികളടങ്ങിയതും (പഞ്ചസാര അല്ലെങ്കിൽ, കൊഴുപ്പ് ), കുറഞ്ഞ പോഷകമൂല്യവുമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ‘ജങ്ക് ഫുഡ്’ .
ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദയ രോഗങ്ങൾ, വിഷാദരോഗം, ഓർമ്മക്കുറവ്, വൃക്കരോഗം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്‌ക്ക് ഇവ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. ഇത്തരം ഭക്ഷണസാധനങ്ങളിൽ വളരെയധികം കലോറി ഉള്ളതിനാൽ അമിതവണ്ണം ഉണ്ടാകും.
ഓണസദ്യ ആസ്വദിച്ച് കഴിക്കാം
ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയിൽ നിന്നു ലഭിക്കും. രുചികളിലെ ആറു രസങ്ങളും സദ്യയിലുണ്ട് -മധുരം, പുളി, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്.
ആവശ്യത്തിന് കാർബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിൽ നിന്നു ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും ശരീരത്തിനു കിട്ടുന്നു.
സദ്യയിലെ പ്രധാന ഇനമായ പരിപ്പു കറിയിൽ മാംസ്യം കൂടുതലായി അടങ്ങിയിട്ടുണ്ട്.
സാമ്പാർ, അവിയൽ, പച്ചടി, തോരൻ എന്നിവ നാരുകളുടെ കലവറയാണ്
എന്നാൽ സ്ഥിരമായി മരുന്ന് കഴിക്കുന്നവരും, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവരും ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കണം.
നാടൻ ഭക്ഷണങ്ങളുണ്ടാക്കാം
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾക്ക് ശീലമാക്കാൻ അവർ വീട്ടിലുള്ള ഈ സമയം മാതാപിതാക്കൾക്ക് ഉപയോഗിക്കാം. നാടൻ പലഹാരങ്ങളുണ്ടാക്കാം. പച്ചക്കറികളും ധാന്യങ്ങളും പഴങ്ങളുമടങ്ങുന്ന സമീകൃത ആഹാരം ശീലമാക്കിയാൽ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാം.