pookkalam

തിരുവനന്തപുരം: പ്രതിസന്ധികൾ നിറഞ്ഞ കൊവിഡിനിടയിലും ആയമാരായ അമ്മമാരും സമിതി ഭാരവാഹികളും ചേർന്നൊരുക്കിയ ഓണനിറവിൽ ആഹ്ളാദത്തോടെ ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾ ഓണം ആഘോഷിച്ചു. ഊഞ്ഞാലിട്ടും തൂശനിലയിൽ ഓണസദ്യയൊരുക്കിയുമാണ് ശിശുക്ഷേമ സമിതി ഓണാഘോഷം നടത്തിയത്. പരിപാടിയിൽ മുഖ്യാതിഥിയായി മേയർ കെ.ശ്രീകുമാർ ഉൾപ്പെടെയുള്ള അതിഥികളും എത്തി. വർണ ബലൂണുകൾ കൊണ്ട് അലങ്കരിച്ച മുറ്റത്തിൽ ഊഞ്ഞാലും ജീവനക്കാർ ഒരുക്കിയ അത്തപൂക്കളവുമൊക്കെയായപ്പോൾ കുരുന്നുകൾക്ക് ഉത്സവമായി. മഞ്ഞപ്പട്ടും തലയിൽ കെട്ടി കുസൃതികാട്ടിയായിരുന്നു കുട്ടികളുടെ ആഘോഷം. മാവേലിയായി വേഷമിട്ടത് നാസർ അലി എന്ന മിടുക്കനായിരുന്നു. സമിതി ആസ്ഥാനത്ത് ഇപ്പോൾ 75 കുട്ടികളാണ് പരിചരണയിലുള്ളത്. പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ, ട്രഷറർ ആർ. രാജു, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ജയപാൽ, വാർഡ് കൗൺസിലർ വിദ്യാമോഹൻ എന്നിവർ പങ്കെടുത്തു.