തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീർപ്പാക്കിയ കടലാസ് ഫയലുകൾ ഡിജിറ്റൽ രൂപത്തിലാക്കണമെന്ന് പൊതുഭരണവകുപ്പ് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപ്പാക്കാനായില്ല. ഫെബ്രുവരി 28നാണ് സർക്കുലർ പുറത്തിറക്കിയത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച ഗുരുതരമായി കാണുമെന്നും പൊതുഭരണവകുപ്പ് അഡി.സെക്രട്ടറിയുടെ സർക്കുലറിലുണ്ട്. സെക്രട്ടേറിയറ്റിലെ ഭരണ വകുപ്പുകളിലേയും ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെയും തീർപ്പായ ഫയലുകൾ പൊതുഭരണ റെക്കോർഡ്സ് വിഭാഗത്തിലാണ് ഡിജിറ്റൽ രൂപത്തിലാക്കുന്നത്. നിയമ,ധനവകുപ്പിലെ ഫയലുകളുടെ ഡിജിറ്റലൈസേഷൻ ബന്ധപ്പെട്ട വകുപ്പുകളിലാണ് നടക്കുന്നത്. കടലാസ് രൂപത്തിൽ കെട്ടികിടക്കുന്ന ഫയലുകൾ അടിയന്തരമായി പൊതുഭരണ റെക്കോർഡ്സ് റൂമിൽ എത്തിക്കണമെന്ന് ആവർത്തിച്ചിട്ടും പുരോഗതി ഉണ്ടായതായി കാണുന്നില്ലെന്നു സർക്കുലറിൽ പറയുന്നു. ഡിജിറ്റലൈസേഷൻ ചെയ്യേണ്ട ഫയലുകൾ 2020 മാർച്ച് 30നകം പൊതുഭരണവകുപ്പിൽ നേരിട്ടു കൈമാറേണ്ടതാണെന്നും അഡി.സെക്രട്ടറി നിർദേശിച്ചിരുന്നു. ഈ നിർദേശത്തിനുശേഷവും പല വകുപ്പുകളും ഡിജിറ്റലൈസേഷനായി ഫയൽ കൃത്യസമയത്തു ഹാജരാക്കിയില്ല. ഫയലുകളെല്ലാം ഡിജിറ്റലായി സൂക്ഷിക്കുകയാണെന്ന സർക്കാർ വാദം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് പൊതുഭരണവകുപ്പിന്റെ സർക്കുലർ.