kovalam

കോവളം: സോമതീരം ആയുർവേദ ഗ്രൂപ്പ് പുറത്തുവിട്ട ചുക്കുകാപ്പി പാചകത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ 10 ലക്ഷത്തിലേറെപ്പേരാണ് വീ‌ഡിയോ കണ്ടത്. കേരളത്തിന്റെ തനതായ ചുക്കുകാപ്പിയെ ലോകത്തിനുമുന്നിൽ ശാസ്ത്രീയമായി തന്നെ അവതരിപ്പിക്കുകയായിരുന്നു. സോമതീരം ഗ്രൂപ്പിലെ ആയുർവേദ ഡോക്ടർ ഗോപികയാണ് ചുക്കുകാപ്പി പാചകം അവതരിപ്പിച്ചത്. ചുക്കും കുരുമുളകും പനംചക്കരയും മല്ലിയും തുളസിയും പനികൂർക്കയും ഏലക്കായും ഉൾപ്പെടെ എട്ടു ചേരുവകൾ ചേർത്ത് വിധിപ്രകാരം മരുന്ന് ചുക്കുകാപ്പി ഉണ്ടാക്കുന്നതെങ്ങനെയെന്ന് വീഡിയോ വ്യക്തമാക്കുന്നു. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ദഹനപ്രക്രിയ സുഗമമാക്കുന്നതിലും ചുക്കുകാപ്പിയുടെ സാദ്ധ്യതകൾ ഡോക്ടർ ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്. ഒരു ദിവസത്തിനകം ഒരു ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. രണ്ടാഴ്ച പിന്നിട്ടപ്പോൾ വിവിധ രാജ്യങ്ങളിലായി 10 ലക്ഷത്തിലേറെ പേരാണ് കാഴ്ചക്കാർ. ഇതിന്റെ ആഹ്ലാദത്തിലാണ് അണിയറ ശില്പികൾ. പതിന്നാല് മിനിറ്റുള്ള ചുക്കുകാപ്പിയുടെ ഈ വീഡിയോ ഇംഗ്ലീഷിലാണ്. ഇത് ജർമൻ, ഇറ്റാലിയൻ, റഷ്യൻ, പോളിഷ് തുടങ്ങിയ മറ്റുഭാഷകളിലേക്കും നിർമാണം തുടങ്ങിയതായി സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബേബി മാത്യു അറിയിച്ചു.