കൊച്ചി:നിയന്ത്രണങ്ങൾക്ക് പുല്ലുവില.കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മുനമ്പം ഹാർബറിൽ നിന്നും തമിഴ്നാട് സ്വദേശികൾ യഥേഷ്ടം മത്സ്യബന്ധനത്തിന് പോകുന്നതായി വ്യാപക പരാതി.രോഗ വ്യാപന ഭീതിയെ തുടർന്ന് തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ ഹാർബറിൽ പ്രവേശമില്ല. എന്നാൽ ചില ബോട്ടുടമകളാണ് ഇവരെ രഹസ്യമായി മുനമ്പത്ത് എത്തിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. കടലിൽ പോയി തിരിച്ചെത്തിയാലും ബോട്ടുകളിൽ തന്നെയാണ് ഇവർ കഴിയുന്നത്. നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ഇതോടെ ആശങ്കയിലാണ്.
ലക്ഷ്യം സീസൺ ചാകര
ട്രോളിംഗ് നിരോധനം പിൻവിച്ച ശേഷമുള്ള മാസം ബോട്ടുടമകൾക്ക് നല്ല സീസനാണ്. ആഴ്ചകളോളം മത്സ്യബന്ധനം നടത്തി തിരിച്ചെത്തുന്ന ബോട്ടുകൾക്ക് ഇക്കാലയളവിൽ ചുരുങ്ങിയത് 10 ലക്ഷം രൂപയ്ക്ക് മുകളിൽ മത്സ്യം ലഭിക്കും.എന്നാൽ കൊവിഡ് ഭീതിയെ തുടർന്ന് മുനമ്പത്തെ ബോട്ടുകളിൽ 50ശതമാനം മാത്രമാണ് മത്സ്യബന്ധനം നടത്തുന്നത്. മൂന്നും നാലും ബോട്ടുകളുള്ള ഉടമയ്ക്ക് ഇത് വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ നഷ്ടത്തിൽ നിന്നും കരകയറാൻ ചില ബോട്ടുടമകൾ തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ മുനമ്പത്ത് എത്തിച്ചതെന്നാണ് ആക്ഷേപം. ഇങ്ങനെ എത്തിക്കുന്ന തൊഴിലാളികൾ 14ദിവസം ക്വാറന്റൈനിൽ കഴിയണം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് മത്സ്യത്തൊഴിലാളികൾ ഹാർബറിൽ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
20 ശതമാനം
മലയാളികൾ
ഒരു ബോട്ടിൽ 10 മുതൽ 12 പേരാണ് കടലിൽ പണിക്ക് പോകുന്നത്. 80 ശതമാനം തൊഴിലാളികളും തമിഴ്നാട്ടിലെ കുളച്ചൽ സ്വദേശികളാണ്. കുളച്ചൽ സ്വദേശികളെല്ലാം രഹസ്യമായി തിരിച്ചെത്തുന്നത് ഹാർബറുകളിൽ കൊവിഡ് വ്യാപന സാദ്ധ്യതയ്ക്ക് കാരമാകുന്നു.മുനമ്പം മിനി ഹാർബറിൽ മത്സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ വ്യാപന ഭീതി വർദ്ധിച്ചു. സ്ഥിതി തുടർന്നാൽ ഹാർബറുകളെല്ലാം അടച്ചിടേണ്ടി വരും.