agriculture

തിരുവനന്തപുരം : കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 4500 കോടി രൂപ കേന്ദ്രം അനുവദിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. സംസ്ഥാനം സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ലോൺ, ഗ്രാന്റ്, സബ്സിഡി എന്നിവ ചേർന്നതാണ് ഈ തുക.

പ്രാഥമിക സഹകരണ സംഘങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കർഷകോത്പാദക കമ്പനികൾ (ഫാർമർ പ്രൊഡ്യൂസർ ഒ‌ാ‌ർഗനൈസേഷൻ സ്കീം) എന്നിവയുടെ നേതൃത്വത്തിലാവും വികസനം. പദ്ധതി നടത്തിപ്പിനായി ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയും, ജില്ലാ കളക്ടർമാർ ഉൾപ്പെട്ട കമ്മിറ്റികളും രൂപീകരിക്കും.

പദ്ധതി മാനദണ്ഡങ്ങളിൽ ഇളവു വേണമെന്ന്, അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് മാനേജ്‌മെന്റ് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി തോമറുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സുനിൽകുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ചെറുകിട, നാമമാത്ര കർഷകർ കൂടുതലുള്ളതിനാൽ പലിശ സബ്സിഡിക്കൊപ്പം കർഷക കൂട്ടായ്മകൾക്ക് ഒറ്റത്തവണ ഗ്രാന്റും അനുവദിക്കണം.

27 കീടനാശിനികൾ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കേരളം സ്വാഗതംചെയ്തു. രാസകീടനാശിനികൾക്കു പകരം ശാസ്ത്രീയ ജൈവനിയന്ത്രണ മാർഗങ്ങൾക്ക് കൂടുതൽ സാമ്പത്തികസഹായം വേണം. ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ നാഷണൽ ഫുഡ് സെക്യൂരിറ്റി മിഷനിൽ ഉൾപ്പെടുത്തണം.

250 കർഷകോത്പാദക കമ്പനി,

100 അഗ്രി സ്റ്റാർട്ടപ്പുകൾ

നടപ്പു സാമ്പത്തിക വർഷം 250 കർഷകോത്പാദക കമ്പനികളും, 100 അഗ്രി സ്റ്റാർട്ടപ്പുകളും, 1000 ജൈവ ക്ലസ്റ്ററുകളും, 100 കയറ്റുമതി അധിഷ്ഠിത ഗ്രൂപ്പുകളും സ്ഥാപിക്കും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ സഹായത്തോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഭരണ കേന്ദ്രങ്ങൾ തുറക്കും. 140 നിയോജക മണ്ഡലങ്ങളിലും പാക്ക് ഹൗസുകളും നിർമ്മിക്കുന്നുണ്ട്. യന്ത്രവത്കരണവും തൊഴിൽ സേനകളെ ശാക്തീകരിക്കാൻ കസ്റ്റം ഹയറിംഗ് സെന്ററുകളും വ്യാപകമാക്കും. ഇതിനായി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കുന്നതിന് 5 കോടി രൂപയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.