ബാലരാമപുരം: സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി (സ്റ്റേറ്റ് അഗ്രി - കൾച്ചറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി), തിരുവനന്തപുരം കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ക്ഷീരകർഷകർക്ക് ജൈവവള നിർമ്മാണത്തിൽ പരിശീലനവും സാങ്കേതിക സഹായവും നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സൊസൈറ്റി വൈസ് ചെയർമാൻ ഡോ. പി. കമലാസനൻ പിള്ളയിൽ നിന്ന് സമ്പുഷ്ട ജൈവ വളം ഏറ്റുവാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു. ചാണകത്തിൽ നിർമ്മിച്ച ജൈവവളം ഹോർട്ടികോപ്സ് സമ്പുഷ്ട ജൈവവളം എന്ന പേരിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ചാണകം സമ്പുഷ്ടീകരിച്ച് ജൈവവളം നിർമ്മിക്കുകയെന്നത് ക്ഷീരകർഷകർ നേരിട്ടിരുന്ന പ്രധാന വെല്ലുവിളിയായിരുന്നു. ഇതിനാണ് പദ്ധതി നടപ്പാക്കുന്നതോടെ പരിഹാരമാകുന്നത്. സംസ്ഥാനത്തുടനീളം ജൈവവള യൂണിറ്റുകൾ നിർമ്മിക്കാണ് അഗ്രി ഹോർട്ടി സൊസൈറ്റി ലക്ഷ്യമിടുന്നത്. 10 കിലോ, 40 കിലോ, 50 കിലോ എന്നീ അളവുകളിൽ വളം വിപണിയിലെത്തിക്കും. സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ബിനു പൈലറ്റ്, സൊസൈറ്റി അക്കൗണ്ടന്റ് ശശികല എന്നിവർ സംബന്ധിച്ചു.