flat

വിദേശസഹായം വാങ്ങിയത് അനുമതിയില്ലാതെയെന്ന് വിദേശമന്ത്രാലയം

തിരുവനന്തപുരം:വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് ഫ്ലാറ്റ് നിർമ്മാണത്തിന് വിദേശസഹായം സ്വീകരിച്ചത് അനുമതിയില്ലാതെയാണെന്ന് വിദേശമന്ത്രാലയം പരസ്യമാക്കിയതോടെ, ദുരൂഹ ഇടപാടിൽ കൂടുതൽ കേന്ദ്രനടപടിയുണ്ടാവുമെന്ന് ഉറപ്പായി. ചട്ടം ലംഘിച്ച് ഇരുപതുകോടി രൂപ വിദേശ സഹായം വാങ്ങുകയും അതിൽ നാലേകാൽ കോടി കമ്മിഷൻ തട്ടുകയും ചെയ്തത് കേന്ദ്ര വിദേശ, ആഭ്യന്തര വകുപ്പുകളും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിക്കുന്നുണ്ട്.

വിദേശസഹായം വാങ്ങിയത് അനുമതിയില്ലാതെയാണെന്ന് കേരളകൗമുദി ഓഗസ്റ്റ് 22ന് റിപ്പോർട്ട് ചെയ്തിരുന്നു.

യു.എ.ഇ ഭരണാധികാരിയുടെ സന്നദ്ധസംഘടനയായ റെഡ്ക്രസന്റിൽ നിന്ന് പണംതട്ടിയത് ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. യു.എ.ഇ കോൺസുൽ ജനറലിന്റെ പേരിൽ ഫ്ലാറ്ര് നിർമ്മാണത്തിന് സ്വകാര്യകമ്പനികളുമായി കരാറുണ്ടാക്കിയതും ഗുരുതരമായ ചട്ടലംഘനമാണ്. റെഡ്ക്രസന്റ് ആദ്യഗഡുവായി നൽകിയ 3.2 കോടി രൂപ മൊത്തം കമ്മിഷനായി അടിച്ചുമാറ്റി. അടുത്ത ഗഡുവിൽ 75ലക്ഷം സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ ഇസോമോങ്ക് കമ്പനിയിലേക്ക് നിർമ്മാണകരാറുകാരൻ ബാങ്കുവഴി കൈമാറി. കോൺസുൽ ജനറലിനെ മുന്നിൽ നിറുത്തി ശിവശങ്കറും സ്വപ്നയും കമ്മിഷൻ തട്ടാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പദ്ധതിയുടെ രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ചാണ് കേന്ദ്രാനുമതി ഇല്ലെന്ന് വിദേശമന്ത്രാലയം കണ്ടെത്തിയത്.

ലൈഫ് മിഷൻ സി.ഇ.ഒയും റെഡ്ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ തുടർച്ചയായുള്ള നിർമ്മാണകരാർ വിദേശനയതന്ത്ര പ്രതിനിധി ഒപ്പിട്ടതും ഗുരുതരക്രമക്കേടാണ്. ചീഫ് പ്രോട്ടോക്കോൾ ഓഫീസറായ ചീഫ്സെക്രട്ടറി ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാതിരുന്നതും അന്വേഷിക്കുന്നുണ്ട്.

ചട്ടലംഘനങ്ങളുടെ പെരുമഴ


വിദേശസഹായം സ്വീകരിക്കാൻ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വേണം

 ദുരന്തനിവാരണ നിയമം, വിദേശസഹായ നിയന്ത്രണചട്ടം എന്നിവ ലംഘിച്ചു. വിദേശപണം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയില്ല

 റെഡ്ക്രസന്റിൽ നിന്ന് പണമല്ല, വീടുകളാണ് സ്വീകരിക്കുകയെന്ന വാദം നിലനിൽക്കില്ല, എഫ്.സി.ആർ.എ ചട്ടപ്രകാരം വ്യക്തിപരമായ ആവശ്യത്തിനല്ലാത്ത എന്തും വിദേശസഹായത്തിന്റെ പരിധിയിലാണ്.

ആദ്യം അതൃപ്തി, പിന്നാലെ നടപടി

 നടപടിക്രമങ്ങൾ പാലിക്കാത്തതിൽ കേന്ദ്രം അതൃപ്തി അറിയിക്കാം

 അഴിമതി കണ്ടെത്തിയതിനാൽ സി.ബി.ഐ അന്വേഷിക്കാം

 കരാറിലെ തുടർനടപടികൾ കേന്ദ്രസർക്കാർ തടയാം

 കരാറൊപ്പിട്ട ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാം

 എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കും