knife

കാട്ടാക്കട: തഹസിൽദാരെയും ഡ്രൈവറെയും നടുറോഡിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പറണ്ടോട് വിഷ്ണുവിലാസത്തിൽ വിഷ്ണുവിനെയാണ് (27) നാട്ടുകാരും തഹസിൽദാരുടെ ഡ്രൈവറും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കാട്ടാക്കട താലൂക്കോഫീസിന് സമീപമായിരുന്നു സംഭവം. ഔദ്യോഗിക ആവശ്യത്തിന് പോയശേഷം ഓഫീസിലേക്ക് മടങ്ങിവന്ന കാട്ടാക്കട ഭൂരേഖാ തഹസിൽദാർ മധുസൂദനന് നേരെയാണ് ആക്രമണമുണ്ടായത്. അലക്ഷ്യമായി ഓടിച്ച വിഷ്ണവിന്റെ ബൈക്ക് തഹസിൽദാരുടെ ഔദ്യോഗിക വാഹനത്തിന്റെ മുന്നിൽ തട്ടി. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഇയാൾ ബാഗിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് തഹസിൽദാരുടെയും ഡ്രൈവറുടെയും നേരെ വീശുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഡ്രൈവറും ചേർന്ന് വിഷ്ണുവിനെ തടഞ്ഞുവച്ച ശേഷം പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ഡി. ബിജുകുമാറിന്റെ നേതൃത്വത്തിൽ വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തതായും പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് അറിയിച്ചു.