തിരുവനന്തപുരം: കുടുംബശ്രീ വഴി 50,000 പേർക്ക് ഈ വർഷം തൊഴിൽ നൽകാൻ 'അതിജീവനം കേരളീയം' എന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റീബിൽഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്ന് 20.50 കോടി രൂപയും ഇതിനായി ചെലവിടും. പദ്ധതിയുടെ ഉപഘടകങ്ങൾ ഇവയാണ്.
#യുവ കേരളം പദ്ധതി
10,000 യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. ദരിദ്ര കുടുംബങ്ങളിലെ 18 - 35 വയസുള്ളവർ ഗുണഭോക്താക്കൾ. പട്ടികവർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 വയസു വരെ അംഗങ്ങളാകാം. പരിശീലനം, യാത്ര, താമസം, ഭക്ഷണം, യൂണിഫോം, പോസ്റ്റ് പ്ലേസ്മെന്റ് സപ്പോർട്ട് , കൗൺസലിംഗ് സൗജന്യം.
#കണക്ട് ടു വർക്ക്
5,000 യുവതീ യുവാക്കൾക്ക് പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കും. അഭിമുഖങ്ങളിൽ മെച്ചപ്പെടാൻ സോഫ്റ്റ് സ്കിൽ വികസിപ്പിക്കും. തൊഴിൽ കണ്ടെത്താൻ മാർഗനിർദ്ദേശങ്ങൾ നൽകും. തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കും.
#16,800 സംരംഭങ്ങൾ
പ്രളയബാധിതമായ 14 ബ്ലോക്കുകളിൽ കാർഷിക കാർഷികേതര മേഖലകളിൽ 16,800പുതിയ സംരംഭങ്ങൾ ആരംഭിക്കും. 20,000ത്തോളം പേർക്ക് പ്രയോജനം. സംരംഭകർക്ക് മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക് സമിതികൾ ലഭ്യമാക്കും. വ്യക്തിഗത സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും വായ്പ. പലിശ 4%. പദ്ധതിക്ക് 70 കോടി രൂപ അനുവദിച്ചു.
#എറൈസ് പദ്ധതി
10,000 യുവതീ യുവാക്കൾക്ക് തൊഴിൽ. തൊഴിൽ വിപണിയിൽ വളരെ ആവശ്യമുള്ള പത്തു മേഖലകളിൽ യുവതീ യുവാക്കൾക്കും, കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകി വേഗത്തിൽ വേതനം ലഭിക്കുന്ന തൊഴിൽ ലഭ്യമാക്കും.
#സൂക്ഷ്മ സംരംഭക വികസനം
3,000 വ്യക്തിഗത സംരംഭങ്ങളും 2,000 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സംരംഭങ്ങൾ തുടങ്ങാം.10,000 പേർക്ക് ഈ ഗുണം ലഭിക്കും. വ്യക്തിഗത സംരംഭകർക്ക് 2.50 ലക്ഷം രൂപ വരെയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെയുമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാം.