adi

കൂത്തുപറമ്പ്: ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.കോഴിക്കോട് നടുവണ്ണൂർ സ്വദേശി യു.കെ. ദിൽഷാദിനെയാണ് (25)കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത്. സംഭവത്തിൽ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടോടെയാണ് കൂത്തുപറമ്പിനടുത്ത പാറാലിലെ സ്വകാര്യ ക്വാറന്റൈൻ കേന്ദ്രത്തിന് സമീപം സംഘർഷമുണ്ടായത്. ക്വാറന്റൈൻ അവസാനിച്ച ശേഷം പുറത്ത് പോകുന്ന കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ദിൽഷാദിനെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ദിൽഷാദിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും രംഗത്ത് എത്തിയതോടെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്. വിദേശത്ത് നിന്നെത്തിച്ച സാധനങ്ങൾ പങ്ക് വെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്ത് എത്തിയതോടെയായിരുന്നു അക്രമികൾ പിൻവാങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലും പെട്ട 14 പേർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നത്. ആറുപേരെ ഇതിനകം പൊലീസ്അറസ്റ്റ് ചെയ്തിരുന്നു.