photo

 അന്വേഷണ സമിതി റിപ്പോർട്ട് ഒരാഴ്ച‌യ്ക്കകം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും കത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക റിപ്പോർട്ടനുസരിച്ച് ചില ഫയലുകളുടെ ചില ഭാഗങ്ങൾ മാത്രമാണ് കത്തിയത്. അന്വേഷണത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെയും ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ എ. കൗശികന്റെയും നേതൃത്വത്തിൽ രണ്ട് സമിതികളെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്നതു വരെ കാക്കുന്നതാണ് നല്ലതെന്നും ധൃതി പിടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം, നഷ്ടം,​ ഏതെല്ലാം ഫയലുകൾ നഷ്ടപ്പെട്ടു, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എന്നിവയാണ് സമിതി പരിശോധിക്കേണ്ടത്. എ. കൗശികന്റെ ഉന്നതതല സമിതിയിൽ ദുരന്ത നിവാരണ അതോറിറ്റി മെം‌ബർ സെക്രട്ടറി, ഫയർ ആൻഡ് റെസ്‌ക്യൂ ടെക്‌നിക്കൽ ഡയറക്ടർ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ, വൈദ്യുതിവകുപ്പിലെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ എന്നിവർ അംഗങ്ങളാണ്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. സെക്രട്ടേറിയറ്റിലെ സുരക്ഷാസംവിധാനങ്ങൾ പരിശോധിച്ച് ശക്തിപ്പെടുത്താൻ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തീപിടിത്തത്തിന് വേറെ

മാനം നൽകാൻ ശ്രമം

സെക്രട്ടേറിയറ്റിലെ സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെ പെട്ടെന്നു തന്നെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ചാടിക്കടന്നത് സർക്കാർ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തിന് പ്രത്യേക മാനം നൽകാനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിച്ചത്. കേരളത്തിൽ ഇപ്പോൾ ചില കാര്യങ്ങളിൽ അങ്ങനെയാണല്ലോ. ആദ്യം ബി.ജെ.പി എത്തി. പിന്നാലെ യു.ഡി.എഫ് നേതാക്കളും. പ്രശ്നമുണ്ടാക്കാനാണ് അവർ നോക്കിയത്.

കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് പല ഭാഗത്തും പിന്നീട് അക്രമസംഭവങ്ങളുണ്ടാക്കി. ശാരീരിക അകലം പാലിക്കേണ്ടവർ ചേർന്നു നിന്നല്ലേ നീങ്ങുന്നത്. ഇതിലൂടെ കൊവിഡ് വ്യാപനത്തിന് സാഹചര്യമൊരുക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.