covid

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ അതിനിർണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് ഉപദ്രവകാരിയല്ലെന്നും, മരണനിരക്ക് ഒരു ശതമാനമേയുള്ളൂവെന്നും, അതിനാൽ വന്നു പോയാലും കുഴപ്പമില്ലെന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തും. മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തിൽ ഒരു ശതമാനമെന്നാൽ മൂന്നര ലക്ഷമാണ്. അതിന്റെ പകുതിയാണെങ്കിൽ പോലും അനുവദിക്കാൻ സാധിക്കുമോയെന്ന് പ്രചാരണം നടത്തുന്നവർ ആലോചിക്കണം. മരണനിരക്ക് എത്ര ചെറുതാണെങ്കിലും രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ മരണങ്ങളുടെ എണ്ണവും ഉയരും.

ലോക്ക് ഡൗണുകൾ പിൻവലിച്ചുകൊണ്ട് ജീവിതം മന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇളവുകൾ നൽകിയ സാഹചര്യത്തിൽ ബ്രേക്ക് ദ ചെയിൻ പ്രവർത്തനം കൂടുതൽ ശക്തമാക്കണം. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണം.

ഇപ്പോഴുള്ളതിലും എട്ട് മടങ്ങ് രോഗികൾ വർദ്ധിച്ചാലും ചികിത്സിക്കാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. 155 സി.എഫ്.എൽ.ടി.സികളിലായി 21,700 കിടക്കകളാണ് സജ്ജമാക്കിയത്. ഇതിൽ പകുതിയോളം ഒഴിവാണ്. ഇവിടേക്ക് മാത്രമായി ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റ് വിഭാഗങ്ങളിലായി 1843 പേരെ നിയമിച്ചു.