നെടുമങ്ങാട് : സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. സത്രം മുക്കിലെ ഡിവൈ.എസ്.പി കാര്യാലയത്തിന് മുന്നിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് കടന്ന് പ്രവർത്തകരിൽ ചിലർ സ്റ്റേഷനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഇവരെ പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ സമരം ഉദ്‌ഘാടനം ചെയ്തു. നെടുമങ്ങാട് നിയോജക മണ്ഡലം പ്രസി‌ഡന്റ് സജാദ്, മണ്ഡലം പ്രസിഡന്റ് താഹിർ, മുൻ മണ്ഡലം പ്രസിഡന്റ് കരിപ്പൂര് ഷിബു, അഡ്വ.എൻ. ബാജി, അഡ്വ.എം. മുനീർ, വെമ്പായം അനിൽകുമാർ, മനോജ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാബു കൃഷ്ണ, മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.