തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം അവിശ്വാസപ്രമേയ ചർച്ചയിലുയർത്തിയ ഒറ്റ വിഷയത്തിനും മറുപടി പറയാതിരുന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആകെ ബാക്കിവന്നത്, തന്റെ മണ്ഡലത്തിലെ പ്രശ്നത്തിന് ഒന്നും പറഞ്ഞില്ലെന്ന് അനിൽ അക്കരെ ഓർമ്മിപ്പിച്ചതാണ്. അത് പറയാൻ തുടങ്ങിയപ്പോൾ ബഹളവും തുടങ്ങി. മാദ്ധ്യമങ്ങൾ കാര്യങ്ങൾ ശരിയായി വിലയിരുത്തിയാൽ പ്രതിപക്ഷമുന്നയിച്ചെന്ന് പറയുന്ന എട്ട് കാര്യങ്ങളിലും ഞാൻ മറുപടി പറഞ്ഞെന്ന് വ്യക്തമാകും.
മറുപടി പറയാൻ സന്നദ്ധനായി നിന്നപ്പോൾ അത് കേൾക്കാൻ നിൽക്കാതെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പോവുകയായിരുന്നു. മറുപടി പറയാൻ ഞാൻ സമയമെടുത്തതിൽ പ്രതിപക്ഷത്തിന് വിഷമമുണ്ടാകും. അവർ പറഞ്ഞത് ഈ പ്രമേയം വിജയിക്കില്ലെങ്കിലും ജനങ്ങളെ കണ്ടുകൊണ്ട് കാര്യങ്ങൾ പറയുന്നുവെന്നാണ്. സർക്കാരിൽ ജനങ്ങൾക്ക് അവിശ്വാസമുണ്ടോയെന്ന് വ്യക്തമാക്കുന്നതാണ് ഞാൻ പറഞ്ഞതിലെ ഒരു ഭാഗം.
ഞങ്ങൾ അധികാരമേൽക്കുമ്പോൾ ജനങ്ങളിലാർജിച്ച വിശ്വാസത്തിന് പോറലേൽക്കുന്ന എന്തെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായോ, സർക്കാർ എന്തൊക്കെ ചെയ്തു, ജനങ്ങൾക്ക് അതെങ്ങനെ ഉപകാരപ്രദമായി, ജനമത് സ്വീകരിച്ചോ എന്നീ കാര്യങ്ങളാണ് പറയാൻ ശ്രമിച്ചത്.
ഓരോ കാര്യവും ജനങ്ങൾ നന്നായി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് സർക്കാരിനോട് മതിപ്പേയുള്ളൂ. അതുകൊണ്ടാണ് ഓരോന്നിലും ഞാൻ എടുത്തുചോദിച്ചത്. അത് പറയുമ്പോൾ നാല് മണിക്കൂറല്ല കൂടുതൽ സമയം വേണ്ടിവരും. പക്ഷേ ചുരുക്കിപ്പറയാനാണ് ശ്രമിച്ചത്. ഒരുപാട് കാര്യം വിട്ടിട്ടുണ്ട്. നമുക്ക് ചുരുക്കേണ്ടേ, ഒരുപാട് പറയുന്നത് ശരിയല്ലല്ലോ എന്നൊക്കെ സ്നേഹപൂർവമായ കമന്റുകൾ അപ്പുറത്ത് നിന്ന് വന്നു തുടങ്ങിയതിനാലാണത്.അപ്പോൾ ലൈഫിന്റെ കാര്യം പറഞ്ഞില്ലല്ലോയെന്ന് ചോദിച്ചു. ലൈഫിന്റെ ഭാഗമായി എന്തൊക്കെ നടന്നെന്ന് വിവരിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഭാഗമായി തെറ്റായ കാര്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതിന്റെ മറ്റ് കാര്യങ്ങളിലേക്ക് പോയിട്ടില്ല. അതും പറയാമെന്ന് പറഞ്ഞപ്പോൾ, ഇപ്പോൾ വേണമെന്നില്ലെന്നായി. പറയാമെന്ന് വീണ്ടും പറഞ്ഞപ്പോൾ, നിങ്ങൾ കണ്ടതല്ലേ മുദ്രാവാക്യം വിളിക്കുന്നത്?. നമ്മളൊക്കെ സംസ്കാരസമ്പന്നരാണെന്നല്ലേ സ്വയം ധരിക്കുന്നത്. എന്ത് സംസ്കാരമാണ് നമ്മളവിടെ കണ്ടത്? എന്നിലർപ്പിതമായ ഉത്തരവാദിത്വം വച്ചാണ് ഞാൻ പറഞ്ഞത്. ഇന്നാട്ടിലെ ജനങ്ങൾക്കുവേണ്ടി സർക്കാർ എന്തൊക്കെ ചെയ്തുവെന്ന് പറയുമ്പോൾ മുഖത്ത് നോക്കി കള്ളാ, കള്ളാ എന്ന് വിളിക്കലാണോ ശരിയായ മാർഗം?എന്തെല്ലാം തെറികളാണ് പറഞ്ഞത്? പറയാൻ പറ്റാത്തതടക്കമുള്ള കാര്യങ്ങൾ വെല്ലിലിറങ്ങി വിളിക്കുകയല്ലേ. ആ വിളിച്ചവരാരും സംസ്കാരഹീനരാണെന്ന് പറയാനാവില്ലല്ലോ. ഇതാണോ സംസ്കാരം? അനിയന്ത്രിതമായി കാര്യങ്ങൾ നടക്കുന്ന സ്ഥലമാണോ നിയമസഭ? മുഖ്യമന്ത്രി ചോദിച്ചു.