mathai-

പത്തനംതിട്ട: വനപാലകർ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പി.പി. മത്തായിയുടെ ( പൊന്നു- 41) ജീവൻ പൊലിഞ്ഞിട്ട് ഇന്ന് ഒരു മാസം തികയുന്നു. റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഇനിയും മറവ് ചെയ്തിട്ടില്ല. ഭർത്താവിനെ ഇല്ലാതാക്കി തന്നെയും എട്ടുപേരെയും അനാഥരാക്കിയവരെ നിയമത്തിന് മുന്നിൽ എത്തിക്കാതെ സംസ്കാരം നടത്തില്ലെന്ന ഭാര്യ ഷീബാമോളുടെ ഉറച്ച നിലപാടിൽ അന്വേഷണ ചുമതല സി.ബി.എെയിലെത്തി നിൽക്കുന്നു. അവർ പറയണം മത്തായിയുടെ മൃതദേഹം സംസ്കരിക്കണമോയെന്ന് .ജുലായ് 28ന് വൈകുന്നേരമാണ് ചിറ്റാറിൽ നിന്നെത്തിയ വനപാലകർ മത്തായിയെ കൊണ്ടുപോയത്. വൈകുന്നേരത്തോടെ മൃതദേഹം കുടുംബവീടിന്റെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നു വനപാലകർ പറയുന്നു. മത്തായിയെ ഇറക്കാൻ ചിറ്റാർ ഫോറസ്റ്റ് സ്‌റ്റേഷൻ വരെ ഷീബ എത്തിയതാണ്. ആവശ്യപ്പെട്ട 75000 രൂപ കൈവശമില്ലായിരുന്നെങ്കിലും അതു സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ പണയം വയ്ക്കാനുള്ള സ്വർണവുമായാണ് ഇറങ്ങിയത്. ഫോറസ്റ്റ് സ്‌റ്റേഷനരികിൽ നിൽക്കുമ്പോഴാണ് മരണവാർത്ത അറിയുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പോസ്റ്റുമോർട്ടം കഴിഞ്ഞ് 31ന് മൃതദേഹം കുടുംബത്തിന് കൈമാറിയിരുന്നു. മത്തായി കിണറ്റിൽ ചാടിയപ്പോൾ മുങ്ങിമരിച്ചതാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. നീതിക്കുവേണ്ടി അന്നു മുതൽ ഷീബാ മോൾ നടത്തിയ പോരാട്ടമാണ് അന്വേഷണം സി.ബി.െഎയിലെത്തിച്ചത്. സംസ്‌കാരം നടക്കണമെങ്കിൽ മത്തായിയുടെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുടുംബാംഗങ്ങളുട‌െ ആവശ്യം. പൊലീസ് അന്വേഷണം എങ്ങുമെത്തില്ലെന്നായപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷണം എന്ന ആവശ്യം കഴിഞ്ഞ 21ന് ഹൈക്കോടതി അംഗീകരിച്ചു. സർക്കാരും സമ്മതം അറിയിച്ചു. ഇന്നലെ ഹൈക്കോടതിയിൽ മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്ന തീരുമാനം അറിയിച്ചിട്ടുണ്ട്. ഇത്രയും കാലം കാത്തുവച്ച മൃതദേഹം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ റീ പോസ്റ്റുമോർട്ടം ചെയ്യാനുള്ള കാത്തിരിപ്പാണിനിയും. റീ പോസ്റ്റുമോർട്ടം കഴിഞ്ഞാലുടൻ സംസ്‌കാരം നടത്തണമെന്ന കോടതി നിർദേശം അംഗീകരിച്ചിട്ടുമുണ്ട്. ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽസൂക്ഷിക്കുകയും വീട്ടിൽ കിടക്കവിരിച്ച് അതിൽ ഫോട്ടോയും തിരിയും വച്ച് ഒരുമാസത്തോളം പ്രാർത്ഥനകൾ നടത്തുകയും ചെയ്യുകയാണ് കുടുംബം. മരണത്തിനുശേഷമുള്ള 30 ാംദിന കുർബാനയും അനുസ്മരണ ശുശ്രൂഷയും നടക്കേണ്ട ദിനമാണിന്ന്. മൃതദേഹം സംസ്‌കരിച്ചിട്ടില്ലാത്തതിനാൽ കല്ലറയ്ക്കൽ ഇതു നടത്താനാകില്ല. വീട്ടിൽ പ്രാർത്ഥന നടത്തി മത്തായിയുടെ ആത്മാവിന് നിത്യശാന്തി നേരുകയാണ് കുടുംബാംഗങ്ങൾ.