തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്‌ഷനിലുണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീക്കാൻ ആ ബ്ലോക്കിലെ അഞ്ചുദിവസത്തെ കാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർക്ക് പൊലീസ് കത്തുനൽകി. തീപിടിച്ച സെക്‌ഷനിൽ സി.സി.ടി.വി ഇല്ലെങ്കിലും പ്രോട്ടോക്കോൾ ഓഫീസിലേക്ക് കടക്കുന്ന വഴിയിൽ ഉണ്ട്. അതേസമയം, അന്വേഷണം പൂർത്തിയാവുന്നതു വരെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഒരു ഫയലും നീക്കരുതെന്ന് ദുരന്തനിവാരണ കമ്മിഷണർ എ.കൗശികൻ ചീഫ്സെക്രട്ടറിക്ക് കത്തുനൽകി. ഡോ. എ.കൗശികന്റെ വിദഗ്ദ്ധസംഘം അട്ടിമറി സാദ്ധ്യതയടക്കം പരിശോധിക്കുന്നുണ്ട്. അദ്ദേഹം ചീഫ്സെക്രട്ടറിക്ക് നൽകിയ കത്തിൽ പതിനൊന്ന് ശുപാർശകളാണുള്ളത്.
പ്രധാന ശുപാർശകൾ
ഒരു ഫയലും പുറത്തേക്കോ, അകത്തേക്കോ കൊണ്ടുപോകരുത്.
ഓഫീസിനകത്ത് സി.സി.ടി.വി സ്ഥാപിക്കണം. 24 മണിക്കൂറും നിരീക്ഷണമുണ്ടാവണം.
ഓണാവധിയാണെങ്കിലും 24 മണിക്കൂറും പൊലീസ് സുരക്ഷയൊരുക്കണം. @തീപിടിച്ച സമയം വരെയുള്ള എല്ലാ ഫയലുകളും പരിശോധിക്കണം.
കടലാസ് ഫയലുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പ്രതിബദ്ധതയുള്ള ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായം വേണം.
ഭാഗികമായി കത്തിയ കടലാസ് ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കണം.
ഭാവിയിൽ ഏതെങ്കിലും അന്വേഷണ ഏജൻസി ചോദിച്ചാൽ അത് നൽകാൻ സാധിക്കണം
ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
അടച്ചിട്ട മുറിയിലെ ചുമർ ഫാൻ ചൂടായി ഉരുകിയൊലിച്ച് കർട്ടനിൽ വീണാണ് തീപിടിച്ചതെന്ന മരാമത്ത് വകുപ്പിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ്, ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന ഫയർഫോഴ്സിന്റെ റിപ്പോർട്ട്. രണ്ടു വർഷം മുൻപ് മോക്ഡ്രിൽ നടന്നപ്പോൾ നൽകിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കിയില്ലെന്നും ഫയർഫോഴ്സ് റിപ്പോർട്ടിലുണ്ട്.
അസ്വാഭാവികത ഇല്ലെന്ന് പൊലീസ്
തീപിടിത്തത്തിന് മുമ്പ് അസ്വാഭാവികമായ യാതൊരു നീക്കവും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. തീപിടിച്ച മുറി അടഞ്ഞുകിടക്കുകയായിരുന്നെന്നും അവിടേക്ക് ആരും പ്രവേശിച്ചിരുന്നില്ലെന്നും പൊലീസ് വിലയിരുത്തി. ഫോറൻസിക് പരിശോധന പൂർത്തിയായ ശേഷമേ പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കൂ.
എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റിൽ കടന്നത് എങ്ങനെയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വാഭാവിക തീപിടിത്തമാണെന്ന് ഫയർഫോഴ്സും വിലയിരുത്തുന്നു.
ഫയലുകളുടെ പരിശോധന തുടങ്ങി
നഷ്‌ടപ്പെട്ട ഫയലുകൾ ഏതൊക്കെ എന്നറിയാൻ പ്രോട്ടോക്കോൾ സെക്‌ഷനിലെ ഫയലുകൾ പരിശോധിച്ചു തുടങ്ങി. ഭാഗികമായി നശിച്ച ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കും. ഈ നടപടികൾ കാമറയിൽ പകർത്തും. ഇതിനായി എട്ട് ക്യാമറകൾ സ്ഥാപിച്ചു. പൊതുഭരണവകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും.