തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഓണക്കാലം കണക്കിലെടുത്ത് താത്കാലികമായി ഒഴിവാക്കി. സെപ്‌തംബർ ഒന്ന് വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇക്കാലയിളവിൽ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ബസുകൾക്ക് സംസ്ഥാനത്ത് എവിടേക്കും സർവീസ് നടത്താം. നേരത്തെ അയൽ ജില്ലകളിലേക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നത്.
കൊവിഡ് പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതിയിളവ് അനുവദിച്ച് കഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനം വന്നിരുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള നികുതികൾ ഒഴിവാക്കി നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സ്‌കൂൾ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകൾ ഇനിയും നിസ്സഹകരണം തുടരാൻ പാടില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
''ഓണമായതുകൊണ്ടാണ് ഇളവ് അനുവദിക്കുന്നത്.
ജാഗ്രത പാലിച്ചാകണം യാത്ര''- പിണറായി വിജയൻ, മുഖ്യമന്ത്രി.