കിളിമാനൂർ: വായനശാലയിൽ മദ്യപിച്ച ലൈബ്രേറിയനെ അറസ്റ്റു ചെയ്തു. മടവൂർ പഞ്ചായത്തിലെ നവോദയ വായന ശാലയിലെ ലൈബ്രേറിയൻ സജീവാണ് അറസ്റ്റിലായത്.അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഗ്രന്ഥശാലയെയാണ് പ്രദേശത്തെ ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാർ പി.എസ്.സി പഠനത്തിനായി ആശ്രയിക്കുന്നത്.കഴിഞ്ഞ ദിവസം ഇവർ പഠനത്തിനായി എത്തിയപ്പോൾ ലൈബ്രേറിയൻ മദ്യപിക്കുന്നത് ശ്രദ്ധയിൽ പെടുകയും പൊലിസിൽ അറിയിക്കുകയുമായിരുന്നു. അതേ സമയം കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ലൈബ്രേറിയനായി നിയമിച്ചത് ഇദേഹത്തിന്റെ ഭാര്യയെയാണന്നും എന്നാൽ ഓണറേറിയം മുതലായവ കൈപ്പറ്റുന്നത് ഇയാളാണന്നും പുതിയ പഞ്ചായത്ത് സമിതിയുടെ കാലത്തും ലൈബ്രേറിയനായി തുടരുന്നത് അന്വേഷിക്കണമെന്നും മടവൂരിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് മുൻ പന്തിയിൽ ഉണ്ടായിരുന്ന ഈ ഗ്രന്ഥശാലയ്ക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് പുതിയ കെട്ടിടം ഉൾപ്പെടെ അനുവദിച്ച സാഹചര്യത്തിൽ യോഗ്യതയുള്ള ലൈബ്രേറിയനെ പഞ്ചായത്ത് നിയമിക്കണമെന്നും സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു. പള്ളിക്കൽ പൊലിസ് കേസെടുത്തു. ഒരു സാംസ്കാരിക നിലയത്തിന് അപമാനം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ച ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ അറിയിച്ചു.