തിരുവനന്തപുരം: യു.എ.ഇ ആസ്ഥാനമായുള്ള റെഡ്ക്രസന്റുമായി ലൈഫ് മിഷൻ ഭവനസമുച്ചയ പദ്ധതിക്ക് ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേകാനുമതി വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശ സർക്കാരുമായോ പ്രാദേശിക സർക്കാരുകളുമായോ കരാറൊപ്പിടുന്നതിന് പ്രത്യേകാനുമതി തേടേണ്ടിവരും. ഇവിടെയതില്ല.സാധാരണഗതിയിൽ ഇത്തരം സംഗതികളുണ്ടായാൽ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നേയുള്ളൂ. അതറിയിച്ചില്ലെങ്കിൽ ഇനിയും അറിയിക്കാം. നല്ലൊരു കാര്യത്തിനല്ലേ. ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില വാർത്തകൾ അതുമായി ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കട്ടെ.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ടുയർന്ന കമ്മിഷൻ ആരോപണത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായ വിവരം പൂർണ്ണതോതിൽ വന്നുകഴിഞ്ഞിട്ടില്ല. വിവരങ്ങൾ ലഭിച്ചാൽ സർക്കാർ അതിനനുസൃതമായ നടപടികൾ സ്വീകരിക്കും. കൃത്യമായ വിവരം കിട്ടുന്നതുവരെ കാത്തിരിക്കാം. സർക്കാർ സ്വീകരിക്കുന്ന ഏത് നടപടികൾക്കും പാർട്ടി തടസ്സം നിൽക്കില്ലെന്നാണ് സി.പി.എം സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്.
ഇക്കാര്യത്തിൽ അന്വേഷണ ഏജൻസികളുടെ പക്കൽ വിവരങ്ങളുണ്ട്. സർക്കാർ അതിൽ കൂടുതലെന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അവർ പറയും. മറ്റ് തരത്തിലും സർക്കാരെന്ന നിലയിൽ വിവരങ്ങൾ ശേഖരിക്കാനാകും. അങ്ങനെയെല്ലാ കാര്യങ്ങളും ഇതിന്റെ ഭാഗമായി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്. സർക്കാർ വിട്ടുനൽകുന്ന സ്ഥലത്ത് ഭവനസമുച്ചയം പണിയുകയെന്നത് മാത്രമാണ് റെഡ്ക്രസന്റും സർക്കാരും തമ്മിലുള്ള ധാരണാപത്രം. റെഡ്ക്രസന്റ് അതിന് പ്രത്യേക ഏജൻസിയെ നിശ്ചയിക്കുകയും പണം ചെലവഴിക്കുകയും ചെയ്യുന്നു. സർക്കാരിന് അതിൽ പ്രത്യേകിച്ച് റോളില്ല. ലൈഫുമായി ബന്ധപ്പെട്ട് ഏത് വ്യവസ്ഥകളനുസരിച്ച് കെട്ടിടം പണിയണമെന്ന പൊതുവായ നിബന്ധനകളുണ്ട്. . അതനുസരിച്ചുള്ള രൂപരേഖപ്രകാരം കെട്ടിടനിർമ്മാണാനുമതി അവർ നേടിയിട്ടുണ്ട്. അങ്ങനെ അനുമതിയുണ്ടായിട്ടില്ലെന്ന് താൻ മനസ്സിലാക്കിയിട്ടില്ല.
നാലരക്കോടിയുടെയും ഒമ്പത് കോടിയുടെയും മറ്റും ഇടപാടുണ്ടായിയെന്ന വാർത്തകളെപ്പറ്റി ചോദിച്ചപ്പോൾ, മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെല്ലാം അതേപടി പറയാൻ താൻ നിന്നാൽ നാളെ മാദ്ധ്യമപ്രവർത്തകർ തന്നെ അങ്ങനെ റിപ്പോർട്ടുണ്ടെന്ന് നിങ്ങൾ പറഞ്ഞില്ലേയെന്ന് ചോദിക്കില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സാധാരണ സർക്കാർ റിപ്പോർട്ടുകളായി വരുമ്പോഴാണ് മുഖ്യമന്ത്രി കാര്യങ്ങളറിയുക. അതല്ലാതെ പറയാൻ തനിക്ക് തന്റേതായ പരിമിതികളുണ്ട്. അത് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.