ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തോടനുബന്ധിച്ച് പള്ളിച്ചൽ തോടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഒരു മാസത്തിനുള്ളിൽ തോടിന്റെ നിർമ്മാണം പൂർത്തീകരിച്ച് പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള ഗതാഗതം ഉടനടി പുനഃസ്ഥാപിക്കാനാണ് ദേശീയപാത അധികൃതരുടെ നീക്കം. തൊഴിലാളികളുടെ അഭാവവും കൊവിഡ് മഹാമാരിയെ തുടർന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിർമ്മാണമേഖലയുടെ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്. സർക്കാരിന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് പാരൂർക്കുഴി പാലത്തിന്റെയും പള്ളിച്ചൽ തോടിന്റെയും നിർമ്മാണ ജോലികൾ വേഗത്തിലാക്കിയത്. എന്നാൽ പള്ളിച്ചൽ തോടിന് കുറുകെ പാലത്തിന്റെ നിർമ്മാണജോലികൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് ഗതാഗതപ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. തോടിന് കുറുകെ പാലം പണിയുന്നതിലേക്കായി റോഡിന്റെ മുക്കാൽ ഭാഗത്തോളം വെട്ടിപ്പൊളിച്ചിരിക്കുകയാണ്. തുടർന്നുള്ള വീതിക്കുറവ് കാരണം വാഹനങ്ങൾ തിങ്ങിനെരുങ്ങിയാണ് കടന്നുപോകുന്നത്. പാരൂർക്കുഴി ജംഗ്ഷൻ മുതൽ പള്ളിച്ചൽ തോട് വരെ മെറ്റൽ നിരത്തിയെങ്കിലും തറയുറപ്പ് വരുത്താനുള്ള കാലതാമസം നേരിടുന്നതിനാൽ ടാറിംഗ് ഇനിയും വൈകും. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ഇത് വഴി കടന്നുപോകുന്നുണ്ട്. പ്രാവച്ചമ്പലത്ത് നിന്നും നരുവാമൂട് മുക്കമ്പാലമൂട് എരുത്താവൂർ വഴിയാണ് നേരത്തെ വാഹനം വഴിതിരിച്ചു വിട്ടിരുന്നത്. നിലവിൽ ഗതാഗതപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ തുടർന്നിരുന്ന നിയന്ത്രണങ്ങൾ കുറച്ചു കാലത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പള്ളിച്ചൽ തോടിന് സമീപത്തെ ഗതാഗതതടസം നിർമ്മാണജോലികൾക്കും തടസം സൃഷ്ടിക്കുന്നുണ്ട്.