തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ പൂവിപണി വീണ്ടും സജീവമാകുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ കർശന നിബന്ധനകൾക്ക് വിധേയമാക്കി കച്ചവടത്തിന് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കൂടുതൽ ഓർഡുകളുമായി കച്ചവടക്കാരും സജീവമാകുന്നത്. ജമന്തിയും വാടാമല്ലിയും റോസാപ്പൂവും മുല്ലയും പിച്ചിയുമെല്ലാം കമ്പോളങ്ങളിൽ വരവറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണിവർ. തമിഴ്നാട്ടിലെ തോവാള,തെങ്കാശി,സുന്ദരപാണ്ഡ്യപുരം,ആയ്ക്കുടി,സാമ്പർവടകരൈ കർണാടകയിലെ ഗുണ്ടൽപേട്ട്, എന്നിവിടങ്ങളിൽ നിന്നാണ് ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കളെത്തുന്നത്. നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ വ്യാപാരികൾ ഇതിൽ വ്യാപക പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഇളവുകൾ നൽകുന്നത്. പൊതു ആഘോഷങ്ങളും ഓഫീസുകളിലെ ഓണാഘോഷങ്ങളും ഒഴിവാക്കിയതും സ്‌കൂളുകളും കോളേജും പൂട്ടിയതും തിരിച്ചടിയായെങ്കിലും വീടുകളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങൾക്കായി ആവശ്യക്കാർ എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വില ഇടിഞ്ഞു, കച്ചവടം കുറഞ്ഞു.
കഴിഞ്ഞ വർഷം ഒരു കിലോഗ്രാം പിച്ചിപ്പൂവിന് തോവാളയിൽ വില 3000 രൂപയായിരുന്നു. ഇപ്പോൾ അത് 300 ആയി കുറഞ്ഞു. ജമന്തി കിലോഗ്രാമിന് വെറും 80 രൂപയ്ക്ക് കിട്ടും. കഴിഞ്ഞ തവണ 300 രൂപയായിരുന്നു. 400രൂപ വിലയുണ്ടായിരുന്ന അരളിക്കിപ്പോൾ വില 150. ഓണക്കാലത്ത് ദിവസവും 6000ത്തിന് മുകളിൽ കച്ചവടം നടന്നിടത്ത് ഇപ്പോൾ പകുതി പോലും നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
സർക്കാർ നിർദ്ദേശങ്ങൾ
പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്‌ക് ധരിക്കണം, ഇടയ്ക്കിടയ്ക്ക് കൈ കഴുകണം, പൂക്കൂട ഉപയോഗശേഷം നശിപ്പിക്കണം. വിതരണം കഴിഞ്ഞാൽ കൈകൾ വൃത്തിയാക്കണം. കച്ചവടക്കാർ ശാരീരിക അകലം പാലിക്കണം. കഴിയാവുന്നത്ര പണരഹിത ഇടപാട് വേണം. പൂക്കളുമായി വരുന്നവർ ഇ-ജാഗ്രത രജിസ്‌ട്രേഷൻ നടത്തണം
ഇന്നലത്തെ വില കിലോയിൽ
ജമന്തി - 80
വാടാമുല്ല-120
മുല്ല-1000
പിച്ചി-600
അരളി വെള്ള-150
അരളി ചുവപ്പ്-100
റോസ്-200
കൂടുതൽ ഇളവ് നൽകിയത് വലിയ ആശ്വാസമാണ്. വരും ദിവസങ്ങളിൽ കൂടുതൽ വ്യാപാരം പ്രതീക്ഷിക്കുന്നുണ്ട്. വിവാഹങ്ങളും മറ്റ് ചടങ്ങുകളും ആരംഭിച്ചതോടെ മുല്ലയുടെയും പിച്ചിയുടെയും ആവശ്യക്കാർ ഏറിയിട്ടുണ്ട്. മറ്റുള്ള പൂക്കൾക്ക് വില താരതമ്യേന കുറവാണ്. കൂടുതൽ ഓർഡറുകൾ നൽകും.
-ഹരി ഒാംകാര, പുഷ്പവ്യാപാരി