വിതുര: ആദിവാസി മേഖലയെ വിറപ്പിച്ച് ഒറ്റയാൻ താണ്ഡവം തുടരുന്നു. ആനയെ പേടിച്ചു പകൽ സമയത്തു പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. വിതുര പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് ഒറ്റയാൻ ആന ഭീതിയും നാശവുമുണ്ടാക്കി വിഹരിക്കുന്നത്. പ്രദേശത്തെ കൃഷി മുഴുവൻ നശിപ്പിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയ അനവധി ആദിവാസികളെ ആന ആക്രമിക്കാൻ ശ്രമിച്ചു. പലരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വനവാസ മേഖലയ്ക്ക് പുറമേ നാട്ടിൻപുറങ്ങളിലും ആന ഇറങ്ങി കൃഷി നാശം വിതയ്ക്കുന്നുണ്ട്. പേപ്പാറ ഡാം സന്ദർശിക്കാൻ എത്തിയ യുവ സംഘത്തെയും ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് യുവാക്കൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒറ്റയാൻ ആനയുടെ ശല്യം തുടങ്ങിയിട്ട് ഒരു മാസമാകുന്നു. ഇതു സംബന്ധിച്ച് വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് ആദിവാസികൾ പറയുന്നു. രാത്രിയിൽ ഒറ്റയാൻ കാടിളക്കി മറിക്കുന്നത് സ്ഥിരമായിരിക്കുകയാണ്. തെങ്ങുകളും അടയ്ക്കാമരവും പിഴുതിടും. വാഴ, പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം തകർത്തെറിയും. വീടുകളുടെ മേൽക്കൂര കുത്തി മറിച്ചിടും.
ഭീതിയിൽ കഴിയുന്നവർ
ചാത്തൻകോട്
ചെമ്മാൻ കാല
അടിപറമ്പ്
ജഴ്സി ഫാം
കത്തിപ്പാറ
പേപ്പാറ,
പൊടിയക്കാല
കുട്ടപ്പാറ
രണ്ട് മരണം
കാട്ടാനയെ കണ്ട് ഭയന്നോടിയ രണ്ടു പേർ മരിച്ചു. അടിപറമ്പ് ആദിവാസി കോളനിയിൽ കൃഷ്ണൻകുട്ടി (50), ആനപ്പാറ കൊച്ചാനപ്പാറ വയലരികത്ത് വീട്ടിൽ ചന്ദ്രബാബു ആണ് മരണപ്പെട്ടത്. രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയ ഇവരെ കാട്ടാനകൾ ഓടിക്കുകയായിരുന്നു. കൃഷ്ണൻകുട്ടിയെ ഒരു കലോമീറ്ററോളം ദൂരം ഓടിച്ചു. കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഹൃദ്രോഗികളായ ഇവർ പിന്നീട് മരണപ്പെടുകയായിരുന്നു.
വൈദ്യുതി വേലി ആവിയായി
ആദിവാസി മേഖലയിൽ വർദ്ധിച്ചു വരുന്ന കാട്ടുമൃഗശല്യത്തിനു തടയിടാൻ വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ഈ മേഖലയിൽ ആനയ്ക്ക് പുറമേ കാട്ടുപോത്ത്, കരടി, പന്നി ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഈറ്റയില ശേഖരിക്കുവാൻ പോയ യുവാവിനെ കരടി ആക്രമിച്ചു പരക്കേൽപ്പിച്ചിരുന്നു.
നടപടി സ്വീകരിക്കണം
ആദിവാസി മേഖലയിൽ വർദ്ധിച്ചു വരുന്ന കാട്ടുമൃഗശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആദിവാസി കാണിക്കാർ സംയുക്ത സംഘം സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.