dronar

'കൊവിഡ് മഹാമാരിയുടെ കാലത്ത് എന്താണ് സംഭവിച്ചുകൂടാത്തത്! കോഴിക്ക് ചിലപ്പോൾ മുല വന്നുവെന്നിരിക്കും. കാക്ക തെക്കു-വടക്ക് മലർന്ന് പറന്നുവെന്നിരിക്കും. സൂര്യൻ ചിലപ്പോൾ കിഴക്ക് നിന്ന് മാറി പടിഞ്ഞാറ് ഉദിക്കാൻ ആലോചിച്ചുവെന്നിരിക്കും. കോൺഗ്രസ് ചിലപ്പോൾ പുന:സംഘടന നടത്താൻ തീരുമാനിച്ചുവെന്നിരിക്കും!'- ഇതൊരു ചിന്ത പോയ പോക്കായി കണ്ടാൽ മതി.

കൊവിഡ് കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കാനും സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കുന്നവർ ഈ ഭൂഗോളത്തിൽ വിരളമാണ്. അസാമാന്യ ചിന്താശക്തിയുള്ളവർക്ക് അങ്ങനെ ചിന്തിക്കാൻ സാധിച്ചുവെന്നിരിക്കും. അക്കൂട്ടത്തിൽ ഗുലാംനബി ആസാദ് ജി തൊട്ട് ശശി തരൂർജി വരെയുള്ളവരുണ്ടായതിൽ എന്തിനാണിങ്ങനെ ആളുകൾ അതുമിതും പറഞ്ഞുകൊണ്ടിരിക്കുന്നത്? തരൂർജിയെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കെ. മുരളീധരൻജി തന്നെ അത് സമ്മതിച്ചിട്ടുണ്ട്. തരൂർജി വിശ്വപൗരനും മുരളീധരൻജി സാധാരണപൗരനുമെന്നാണ് മുരളീധരൻജിയുടെ സാക്ഷ്യപത്രം. മുരളീധരൻജി നേരേ വാ, നേരേ പോ പ്രകൃതക്കാരനായതിനാൽ അദ്ദേഹം പറഞ്ഞത് മുഖവിലയ്ക്കെടുക്കണം. ആസാദ്ജി പഞ്ചാബിൽ ഭീകരവാദികൾക്കെതിരെ പോരാടുന്ന നാളുകളിൽ വള്ളിനിക്കറുമിട്ട് ഊഞ്ഞാലാടി നടന്നവരാണിപ്പോൾ അദ്ദേഹത്തിന്റെ രക്തത്തിന് ദാഹിച്ച് നടക്കുന്നത്! ആസാദ്ജിയും തരൂർജിയുമൊക്കെ ചേർന്നുകൊണ്ടുള്ള ജി-23 സംഘം എന്തെല്ലാമോ ചിന്തിച്ചുകൂട്ടി സോണിയജിക്ക് കത്തയച്ചതിൽ ആരും അദ്ഭുതപ്പെടാൻ പാടില്ലാത്തതായിരുന്നു.

എന്നാൽ ആ കത്തിപ്പോൾ കുഴപ്പമായിയെന്നാണ് പറയുന്നത്. മഹാമാരിയുണ്ടെന്ന് വച്ച് എന്തും ചിന്തിച്ചു കളയാമെന്ന് വിചാരിക്കുന്നത് ആർക്കും നല്ലതല്ല. കൊവിഡ് മഹാമാരിയായത് കൊണ്ടുതന്നെ, ഈ കാലഘട്ടത്തിൽ പരമാവധി, കോഴിക്ക് മുല വരും എന്ന് വേണമെങ്കിൽ സങ്കല്പിച്ചോട്ടെ. അതൊരു മിനിമം ചിന്തയ്ക്ക് സഞ്ചരിക്കാവുന്ന പരിധിയാണ്. പണ്ട് കാസർകോട്ടോ മറ്റോ ഏതോ കോഴി പ്രസവിച്ചതായി വാർത്ത വന്നിട്ടുണ്ട്. പ്രസവിച്ച കോഴിക്ക് മുലയൂട്ടേണ്ടി വരുന്നത് സ്വാഭാവികം. എന്നാൽ കോൺഗ്രസിൽ പുന:സംഘടന നടക്കണം എന്ന് സങ്കല്പിക്കുന്നത് ഏതർത്ഥത്തിലാണ്?

കോൺഗ്രസിൽ പുനരുജ്ജീവനം വേണമെന്നാണ് മറ്റൊരാവശ്യം. ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാൻ ഗുലാംനബി ആസാദ് ജിക്കും കപിൽ സിബൽജീക്കും പി.ജെ. കുര്യൻജിക്കും തരൂർജിക്കും മറ്റും ആരാണ് അധികാരം കൊടുത്തത്. പുന:സംഘടന, പുനരുജ്ജീവനം എന്നീ പദാവലികൾ ഹൈക്കമാൻഡിന്റെ നിഘണ്ടുവിൽ ഈ കത്ത് കിട്ടിയ അന്ന് മുതൽ കേസിവേണുഗോപാൽജി പരതിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ട് പദാവലികളും നിലവിലില്ല എന്ന് മാത്രമാണ് കമ്പ്യൂട്ടർസ്ക്രീനിൽ തെളിഞ്ഞുവരുന്നത്.

സോണിയാജി, രാഹുൽജിക്ക് വേണ്ടി പ്രിയങ്കാജിയാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു നല്ല കാലത്തിലൂടെ കോൺഗ്രസ് ജീവിച്ചുവരികയാണിപ്പോൾ. സോണിയാജി രാഹുൽജിയെ പ്രസിഡന്റാക്കും. രാഹുൽജി ഒരു സുപ്രഭാതത്തിൽ രാജിക്കത്തെഴുതി വയ്ക്കും. ആന്റണിജി തൊട്ട് മുല്ലപ്പള്ളിജി വരെയുള്ളവർ പിറ്റേന്ന് അയ്യോ സോണിയാജി വരില്ലേ, വരില്ലേയെന്ന് വിളിച്ചു വിലപിക്കും. സോണിയാജി വരും. വേണ്ടിവന്നാൽ, സോണിയാജി സ്വയം രാജിക്കത്തെഴുതി സോണിയാജിയെ ഏല്പിക്കും. സോണിയാജി അതംഗീകരിക്കുമ്പോൾ ആന്റണിജി തൊട്ടിങ്ങോട്ടുള്ളവർ വീണ്ടും വിളി തുടങ്ങും. സോണിയാജി രാജിക്കത്ത് തള്ളും. അങ്ങനെ സോണിയാജി, സോണിയാജിയാൽ സോണിയാജിക്ക് വേണ്ടി നയിക്കപ്പെടുന്ന ജനായത്ത ഭരണക്രമത്തിലൂടെ കടന്നുപോകുന്ന നാളുകളിലാണ് കൊവിഡ് മഹാമാരി വന്നുഭവിച്ചത്.

കൊവിഡിന്റെ കാലത്ത് കല്ലുമഴ പെയ്യാനും ഇടിത്തീ വീഴാനും ഗുലാംനബി ആസാദ്ജി മുതൽ ശശി തരൂർജി വരെയുള്ളവർ കത്തെഴുതാനും സാദ്ധ്യതയുണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ വർക്കിംഗ് കമ്മിറ്റിക്ക് വേണ്ടി ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജിക്ക് തിരുവനന്തപുരത്ത് രാഷ്ട്രീയകാര്യസമിതി ചേർന്ന് പ്രമേയം പാസ്സാക്കേണ്ടി വരുമായിരുന്നില്ല. എങ്ങനെയെങ്കിലും ഒരു വാക്സിൻ കണ്ടെത്തി കൊവിഡിനെ നാട് കടത്തിയില്ലെങ്കിൽ ഒരു രക്ഷയുമില്ലെന്ന് ചിന്തിച്ച് പോകുന്നത് ഇതൊക്കെ കൊണ്ടാണ്!

.......................................

- പിണറായി സഖാവ് നിയമസഭയിൽ മൂന്നേ മുക്കാൽ മണിക്കൂർ പ്രസംഗിച്ചത് വലിയ അപരാധമായിപ്പോയിയെന്ന് ചെന്നിത്തല ഗാന്ധിയും കൂട്ടരും പറയുന്നു. വാസ്തവത്തിൽ പിണറായി സഖാവ് മൂന്നേ മുക്കാൽ മണിക്കൂറെടുത്ത് പറഞ്ഞത് അദ്ദേഹം പറയാൻ കരുതിവച്ചതിന്റെ നാലിലൊന്ന് പോലുമില്ലായിരുന്നു. മിനിമം ഒരിരുപത് മണിക്കൂർ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. പുറപ്പുഴ ഔസേപ്പച്ചൻ ഇടയ്ക്ക് കയറി ആ പശുകൃഷിയെപ്പറ്റി പറഞ്ഞില്ലല്ലോയെന്ന് പിണറായി സഖാവിനെ ഓർമ്മിപ്പിക്കുകയുണ്ടായി. മത്സ്യകൃഷിയിലേക്ക് പിണറായി സഖാവ് കടന്നപ്പോൾ ചെന്നിത്തലഗാന്ധിയും മതിമറന്ന് പോകുന്ന സാഹചര്യമുണ്ടായി. മത്സ്യം അങ്ങേയ്ക്കൊരു ദൗർബല്യമാണല്ലോയെന്നാണ് ചെന്നിത്തലഗാന്ധി സ്നേഹാതിരേകത്താൽ പിണറായി സഖാവിനെ പുകഴ്ത്തിയത്.

ചെന്നിത്തല ഗാന്ധിയുടെ പുകഴ്ത്തലും പി.ജെ. ജോസഫിന്റെ പശുകൃഷിയെപ്പറ്റിയുള്ള ആവലാതിയുമൊക്കെ കേട്ടപ്പോൾ മതിമറന്നുപോയ പിണറായി സഖാവ് അടുത്ത കെട്ട് കടലാസുകൾ എടുത്തുപോയത് സ്വാഭാവികമാണ്. എന്നാൽ ചെന്നിത്തലഗാന്ധിക്കും കൂട്ടർക്കും പെട്ടെന്ന് ബോധോദയമുണ്ടായതെങ്ങനെയെന്നാണ് ഒട്ടും പിടികിട്ടാത്തത്. പിണറായി സഖാവ് മൂന്നേ മുക്കാൽ പ്രസംഗിച്ചിട്ടും ചോദിച്ചതിനൊന്നും മറുപടി തന്നില്ലെന്നാണ് ചെന്നിത്തലഗാന്ധിയുടെ ആവലാതി. സഖാവ് പറയുന്നത് ഒന്നിനും മറുപടി നൽകാതിരുന്നിട്ടില്ല എന്നാണ്.

സഖാവിന്റെ തന്നെ അഭിപ്രായത്തിൽ അദ്ദേഹത്തിന് പറയാൻ ഇനിയുമൊരുപാടുണ്ടായിരുന്നു എന്നാണ്. അതത്രയും പറഞ്ഞുതീർത്തിരുന്നുവെങ്കിൽ പിറ്റേന്ന് നേരം വെളുക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ചെന്നിത്തലഗാന്ധിയും കൂട്ടരും ചോദിച്ചതിനത്രയും മറുപടി പറഞ്ഞു എന്ന സഖാവിന്റെ വാദഗതിയും മറുപടി കിട്ടിയിട്ടില്ല എന്ന ചെന്നിത്തല ഗാന്ധിയുടെ പരിഭവവും മുഖവിലയ്ക്കെടുത്ത് നമുക്കിങ്ങനെ വിധിയെഴുതാം: (സഖാവ് ) അറിഞ്ഞതിൽ പാതി പറയാതെ പോയി, പറഞ്ഞതിൽ പാതി പതിരായും പോയി...!

ഇ-മെയിൽ: dronar.keralakaumudi@gmail.com