photo1

പാലോട്: പൊതു വിപണിയെക്കാൾ വിലക്കുറവിൽ നന്ദിയോടിന്റെ കാർഷിക സമൃദ്ധി വിളിച്ചോതിക്കൊണ്ട് കൊവിഡ്കാല ഓണ വിപണിയിൽ ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികൾ ജില്ലയിലെ പൊതു വിപണികളിൽ പുതുചരിത്രം കുറിക്കുന്നു. ആനകുളം ഗീതയും തോട്ടുംപുറം ബാലകൃഷ്ണനും ചോനൽവിള സെൽവരാജും, യുവ കർഷകരായ ജയലക്ഷ്മി, ശാന്തിപ്രിയ തുടങ്ങിയ നൂറോളം കർഷകർ വിളയിച്ചെടുത്ത പയർ, ചീര, വെണ്ട, വഴുതന, പാവൽ, പുതിന, മല്ലിയില, ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ എല്ലാ പച്ചക്കറികളും ഓണവില്പനയ്ക്കായി എത്തിയിട്ടുണ്ട്.

പൊതു വിപണിയെക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് നന്ദിയോടൻ പച്ചക്കറികൾ വിപണി കീഴടക്കുന്നത്. കപ്പ, പാളയംകോടൻ, ഏത്തൻ, രസകദളി തുടങ്ങിയ കുലവർഗങ്ങളും പൊതുവിപണിയിൽ എത്തിച്ചിട്ടുണ്ട്. അൻപത് ഹെക്ടറോളം സ്ഥലത്താണ് നന്ദിയോട് കൃഷിഭവന്റെ മാർഗ നിർദ്ദേശങ്ങളോടെ ജൈവകൃഷി ചെയ്തത്.

കാർഷിക പോരാട്ടത്തിലൂടെ നാലു തവണയാണ് നന്ദിയോട് ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പ് നൽകുന്ന ജൈവഗ്രാമം അവാർഡ്‌ ലഭ്യമായത്. ലോക്ക് ഡൗണിലും തളരാത്ത പോരാട്ടമാണ് നന്ദിയോട്ടെ കർഷകരുടെ വിജയരഹസ്യം. സർക്കാർ ഒരു മുറം പച്ചക്കറി പദ്ധതിയുമായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും, കൃഷിക്കായി സ്ഥലമില്ലാത്തവർ വീടുകളിലെ മട്ടുപ്പാവിലും കൃഷി ചെയ്തതിനാൽ അന്യസംസ്ഥാന പച്ചക്കറിക്ക് ഇവിടെ ഇപ്പോൾ ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ നൂറുമേനി വിളവാണ് കർഷകർ കൊയ്തെടുത്തത്. ജൈവവളമായതിനാൽ തന്നെ പരിചരണം കൂടുതൽ വേണ്ടിവന്നു ഇവർക്ക്. ഈ കർഷകർക്കു വേണ്ട ഉപദേശങ്ങളും ഗുണമേന്മയുള്ള വിത്തുകളും കൃഷിഭവൻ ഉദ്യോഗസ്ഥർ ലഭ്യമാക്കി. കൊവിഡിലെ ദുരിത ജീവിതത്തിന് ചെറിയ രീതിയിലെങ്കിലും ആശ്വാസം കണ്ടെത്തിയ സന്തോഷത്തിലാണ് കർഷകർ.