തമിഴകത്തിന്റെ പ്രിയപ്പെട്ട വിജയ്‌യും സൂര്യയും കോളേജ്കാല സുഹൃത്തുക്കളാണെന്ന കാര്യം ഏറെക്കുറേ എല്ലാവർക്കും അറിയുന്നതായിരിക്കും. എന്നാൽ അതിനും മുൻപ്, ഇവരുടെ സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സൂര്യയുടെയും വിജയ്‌യുടെയും കുട്ടിക്കാലത്തുള്ള ചിത്രമാണിത്. മുതിർന്ന താരവും സൂര്യയുടെ അച്ഛനുമായ ശിവകുമാറിന്റെ ഇടതും വലതുമായി ഇരിക്കുകയാണ് ഇരുവരും. സിനിമാ കുടുംബത്തിൽ നിന്നാണ് ഇരുവരുടെയും വരവ്. വിജയിയുടെ അച്ഛൻ എസ്.എ.ചന്ദ്രശേഖർ തമിഴിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായിരുന്നു. പ്രമുഖ തമിഴ് നടൻ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യയേക്കാൾ ഒരു വയസിനു മൂത്തയാളാണ് വിജയ്. ചെന്നൈയിലെ ലയോള കോളേജിലാണ് ഇരുവരും വിദ്യഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്തെ പരിചയവും സൗഹൃദവുമൊക്കെ ഇപ്പോഴും തുടരുന്ന സൂര്യയുടെയും വിജയിയുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണുള്ളത്. പാർട്ടികളിലും, കുടുംബപരിപാടികളിലും, സിനിമ പ്രിവ്യുകളിലുമെല്ലാം ഇരുവരും കുടുംബസമേതം പങ്കെടുക്കാറുണ്ട്. സാമൂഹ്യസേവനത്തിൽ തൽപ്പരരായ ഈ താരങ്ങൾ ഒന്നിച്ച് നിരവധി ചാരിറ്റബിൾ പ്രവർത്തനങ്ങളിലും പങ്കാളികൾ ആയിട്ടുണ്ട്. 1997 ൽ ‘നേർക്കുന്നേർ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് സ്ക്രീൻ പങ്കിട്ടു. പിന്നീട് ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘ഫ്രണ്ട്സ്’ എന്ന ചിത്രവും സൂപ്പർഹിറ്റായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ്‌യും ആയുള്ള സൗഹൃദത്തെ കുറിച്ച് സൂര്യ സംസാരിച്ചിരുന്നു. ലയോള കോളേജിലെ പൂർവവിദ്യാർത്ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തനിക്കൊപ്പം സൂര്യയുമുണ്ടെന്നും ഇരുവരും ഗ്രൂപ്പിൽ ആക്ടീവാണെന്നുമായിരുന്നു സൂര്യ പറഞ്ഞത്. സൂര്യയും വിജയ്‌യും മാത്രമല്ല, ഇരുവരുടെയും ഭാര്യമാർ തമ്മിലും അടുത്ത സൗഹൃദമാണുള്ളത്.