1

പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ മലിനംകുളം മാലിന്യവാഹിയായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. അശാസ്ത്രീയമായ നിർമ്മാണമാണ് ഇതിന് കാരണമെന്നും അവർ ആരോപിക്കുന്നു. ഗ്രാമ കേന്ദ്രത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കുളത്തിന് ഏകദേശം ഒരേക്കർ വിസ്തൃതിയുണ്ടായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ കൈയേറ്റം കാരണം അതിപ്പോൾ 85 സെന്റ് സ്ഥലം മാത്രമായി ഒതുങ്ങി. ഇതിൽ കുറച്ച് ഭൂമി ഇരുകരയിലൂടെയും കടന്നു പോകുന്ന റോഡിനായി മാറ്റിയിട്ടുമുണ്ട്.

കുളത്തിന്റെ പകുതിയിലധികം ഭാഗവും സൈഡ് വാൾ നിർമ്മിച്ചിരിക്കുന്നത് കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചാണ്. റോഡ് ചേർന്ന് വരുന്ന ഭാഗം മാത്രമാണ് കരിങ്കല്ലടുക്ക് ചെയ്തിട്ടുള്ളത്. സ്വാഭാവികമായ നീരുറവകൾ എല്ലാം അടഞ്ഞു പോയതോടെ മഴക്കാലത്ത് മാത്രമാണ് കുളം നിറയുക. കുളത്തിന്റെ ബണ്ട് കോൺക്രീറ്റ് ചെയ്തതോടെ വെള്ളത്തിന്റെ സംഭരണശേഷി നഷ്ടപ്പെട്ടു. പ്രദേശത്തെ കിണറുകളിൽ പോലും ജലനിരപ്പ് താഴ്ന്നു. സമീപ പ്രദേശങ്ങളിലെ കൃഷിക്കും വെള്ളം ഉപയോഗപ്പെടുത്താൻ കഴിയാതെയായി.

ചെറിയ മഴയുള്ളപ്പോൾ പോലും കുളത്തിൽ നിറയുന്ന മലിനജലം സമീപത്തെ വീടുകളിൽ കയറുന്നതും പതിവായിരുന്നു. നാട്ടുകാർ നിരന്തരം പ്രക്ഷോഭം നടത്തിയതിന്റെ ഭാഗമായി കുളം നിറയുമ്പോൾ വെള്ളം പമ്പ് ചെയ്ത് മാറ്റാൻ സ്ഥിരം സംവിധാനമൊരുക്കി. മാലിന്യ നിർമ്മാർജ്ജനത്തിന് ഉചിതമായ മറ്റ് മാർഗങ്ങൾ കണ്ടെത്തുകയും കുളത്തിൽ മഴവെള്ള സംഭരണം ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.