thozhilurap

മുടപുരം: കൊവിഡ് മാനദണ്ഡപ്രകാരം 65 വയസ് കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി ഇല്ലാതായതോടെ ആയിരങ്ങൾക്ക് ഇത് ദുരിതത്തിന്റെ ഓണക്കാലം. ജോലി ഇല്ലെന്ന് മാത്രമല്ല,​ തൊഴിലെടുത്ത ദിവസങ്ങൾ കുറവായതിനാൽ ആനുകൂല്യങ്ങളും നിഷേധിച്ചതോടെയാണ് ഇവരുടെ കാര്യം കഷ്ടത്തിലായത്. 2019 -20 സാമ്പത്തിക വർഷത്തിൽ നൂറ് ദിവസം പണിയെടുത്ത 65 കഴിഞ്ഞവർക്കേ ഓണക്കാല സാമ്പത്തിക സഹായമായ 1000 രൂപ ലഭിക്കൂ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തൊഴിൽ ദിനങ്ങൾ ഇല്ലായിരുന്നു. ജോലികൾ ആരംഭിച്ചപ്പോഴാകട്ടെ പ്രായത്തിന്റെ പേരിൽ 65 കഴിഞ്ഞവരെ ഒഴിവാക്കി. ഇതോടെയാണ് പലരും ഓണക്കാല ആനുകൂല്യത്തിന് വെളിയിലായത്.

സംസ്ഥാനത്ത് 2 ലക്ഷത്തിലേറെ 65 കഴിഞ്ഞ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരാണ് കഴിഞ്ഞ ആറുമാസമായി തൊഴിലില്ലാതെ കഷ്ടപ്പെടുന്നത്. തൊഴിലെടുക്കാൻ സന്നദ്ധരായിട്ടും അത് ലഭിക്കാത്തവർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യത്തോട് അധികൃതർ പ്രതികരിച്ചിട്ടില്ല. നഷ്ടമാകുന്ന തൊഴിൽദിനങ്ങളിലെ കൂലി നൽകാനും ഓണക്കാലത്ത് പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കാനും സർക്കാരുകൾ തയ്യാറാകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്

പ്രാരാബ്ദങ്ങൾ നിരവധി

65 വയസ് കഴിഞ്ഞെങ്കിലും പലരും ഇപ്പോഴും തൊഴിലുറപ്പ് ജോലിക്കായി പോകുന്നത് ജീവിത പ്രാരാബ്ദങ്ങൾ കാരണമാണ്. മരുന്ന് വാങ്ങാനും മറ്റ് ചെലവുകൾക്കുമായി മക്കളെയോ മരുമക്കളെയോ ആശ്രയിക്കാതെ ജീവിക്കണമെന്ന ആഗ്രഹമാണ് ഈ പ്രായത്തിലും ഇവരെ നയിക്കുന്നത്. മറ്ര് ആശ്രയങ്ങളില്ലാത്തതിനാൽ ജോലിക്ക് പോകുന്നവരും ഏറെയുണ്ട്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇവരുടെ കഞ്ഞിയിൽ മണ്ണുവീണ സ്ഥിതിയായി.

.........................................................

കൊവിഡ് കാലത്ത് 65 കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സംരക്ഷണം ഒരുക്കണം. ഇവർക്ക് വേതനവും ഓണക്കാലത്ത് സാമ്പത്തിക സഹായവും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

എസ്. പ്രവീൺചന്ദ്ര, ഏരിയാ സെക്രട്ടറി,

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ,

ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി

ജോലി ഇല്ലാത്തവർ

01. അഞ്ചുതെങ്ങ് പഞ്ചായത്ത്: 147 പേർ

02. ചിറയിൻകീഴ് പഞ്ചായത്ത്: 261 പേർ

03. കടയ്ക്കാവൂർ പഞ്ചായത്ത്: 205 പേർ

04. കിഴുവിലം പഞ്ചായത്ത്: 281 പേർ

05. മുദാക്കൽ പഞ്ചായത്തിൽ 254 പേർ

06. വക്കം പഞ്ചായത്ത്: 181 പേർ

 ചിറയിൻകീഴ് ബ്ലോക്കിൽ ആകെ: 1329 പേർ