കൊവിഡിന്റെ പശ്ചാത്തലത്തിൽ തിയേറ്റർ റിലീസുകളില്ലാത്ത ഒരു ഓണക്കാലം എത്തിയിരിക്കുകയാണ്. തിയേറ്ററുകൾ തുറക്കുന്നതിലുള്ള അനിശ്ചിതത്വം തുടരവേ, മറ്റ് പ്ലാറ്റ്‌ഫോമുകളിൽ റിലീസിന് ഒരുങ്ങുകയാണ് ചില മലയാളചിത്രങ്ങൾ. ഫഹദ് നായകനാവുന്ന 'സീ യു സൂൺ', ദുൽഖർ സൽമാൻ നിർമിച്ച് ജേക്കബ് ഗ്രിഗറി നായകനാവുന്ന 'മണിയറയിലെ അശോകൻ', ടൊവിനോ നായകനാവുന്ന 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്നിവയാണ് ഈ ഓണക്കാലത്ത് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ. ഇതിൽ രണ്ടു ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ഒരു ചിത്രം ടെലിവിഷൻ റിലീസുമായാണ് പ്രേക്ഷകർക്ക് മുൻപിലെത്തുക.
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്
ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രം എന്ന സവിശേഷത സ്വന്തമാക്കുകയാണ് ടൊവിനോ നായകനാകുന്ന ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. ഓണം നാളിൽ ചാനൽ റിലീസായാണ് ചിത്രം എത്തുന്നത്. ഒരു ട്രാവൽ മൂവിയാണ് 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റിവച്ച ആദ്യ മലയാള സിനിമയും 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ആയിരുന്നു. ഒരു കോട്ടയംകാരനും മദാമ്മയും കൂടെ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവർ കാണുന്ന കാഴ്ചകൾ, അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, അടുപ്പം, വിയോജിപ്പുകൾ, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്‌കാരികവും സാമ്പത്തികവുമായ വ്യത്യാസം അതൊക്കെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രം പറഞ്ഞുപോകുന്നതായും ടൊവിനോ പറയുന്നു.
'സീ യു സൂൺ'
സംവിധായകൻ മഹേഷ് നാരായണനും പ്രിയതാരം ഫഹദ് ഫാസിലും കൈകോർക്കുന്ന 'സീ യു സൂൺ' സെപ്റ്റംബർ ഒന്നിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസിനെത്തും. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഫഹദിനൊപ്പം റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ കഥ പറയുകയാണ് 'സീയു സൂൺ'. ലോക്ക് ഡൗൺ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തിൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്. കമ്പ്യൂട്ടർ സ്‌ക്രീൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് 'സീയു സൂൺ'. ഇന്ത്യൻ സിനിമയിൽ അപൂർവമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ് ഇതെന്നാണ് സംവിധായകൻ മഹേഷ് നാരായണൻ പറയുന്നത്.
'മണിയറയിലെ അശോകൻ' തിരുവോണത്തിന്
വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന 'മണിയറയിലെ അശോകൻ' തിരുവോണദിനമായ ആഗസ്റ്റ് 31ന് നെറ്റ്ഫ്ളിക്സിൽ റിലീസിനെത്തും. നെറ്റ്ഫ്ളിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് 'മണിയറയിലെ അശോകൻ'.
നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദുൽഖർ സൽമാനും അതിഥി താരമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു.