തിരുവനന്തപുരം: രണ്ടു രാവിനപ്പുറം തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് ചൂടിലും ഇളവുകൾ കിട്ടിയതോടെ നഗരത്തിലെ വിപണികളും സജീവമായി. നാളെ നേരം പുലരുന്നതോടെ കൊവിഡിനിടയിലെ ഒന്നാം ഒാണത്തിലേക്കാണ് മലയാളി അതിജീവനത്തിന്റെ പ്രതീക്ഷകൾ തോളേറ്റി ചുവടുവയ്ക്കുന്നത്. ഉത്രാടനാളിൽ വ്യാപാര മേഖലകളിൽ ഉത്സവത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഓണക്കോടിക്കും ഓണസദ്യയ്‌ക്കുമുള്ള അവസാന ഓട്ടത്തിലാണ് എല്ലാവരും. ഇന്നലെ മുതൽ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. നിരത്തിലെ വാഹനത്തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കണക്കിലെടുത്തും പൊലീസ് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എം.ജി റോഡിൽ പുളിമൂട് മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സെപ്തംബർ രണ്ടുവരെ ഉച്ചയ്ക്ക് 2 മുതൽ 9 വരെ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ നിശ്ചയിച്ച് നൽകിയിട്ടുണ്ടെങ്കിലും ഉത്സവാഘോഷത്തിന്റെ തിരക്കിലാണ് നഗരം.
സജീവമായി വസ്ത്ര,
പച്ചക്കറി, പൂ വിപണികൾ
ഇന്നലെ വസ്ത്ര വിപണിക്കൊപ്പം കൂടുതൽ സജീവമായത് പച്ചക്കറി - പൂ വിപണികളാണ്. ഇളവ് കിട്ടിയതോടെ പൂക്കളങ്ങളൊരുക്കാൻ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പൂക്കളെത്തിച്ചിട്ടുണ്ട് വ്യാപാരികൾ. ഇന്നലെ മുതൽ പൂക്കളുടെ 50 മുതൽ 150 രൂപ വരെയുള്ള കിറ്റുകൾക്ക് ആവശ്യക്കാരെത്തി തുടങ്ങി. നഗരത്തിലെ സർക്കാരിന്റേത് അടക്കമുള്ള പച്ചക്കറി ചന്തകളും സജീവമാണ്.
സുരക്ഷ ശക്തമാക്കി പൊലീസ്
വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലവും മറ്റു ജാഗ്രതാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടോ എന്നു എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി പൊലീസ് ഉറപ്പുവരുത്തും. വിലക്ക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നഗരത്തിലെ പ്രധാന അതിർത്തി കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കും. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ പൂർണ ചുമതല ഡി.സി.പി ഡോ. ദിവ്യ. വി. ഗോപിനാഥിനായിരിക്കും. പൊതുസ്ഥലങ്ങളിൽ സ്റ്റേഷൻ പട്രോളിംഗ് വാഹനങ്ങളിലും കൺട്രോൾ റൂം വാഹനങ്ങളിലും ജാഗ്രതാ നിർദ്ദേശങ്ങൾ മൈക്ക് അനൗൺസ്‌മെന്റ് ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്.
വ്യാപാരികളുടെ ശ്രദ്ധയ്ക്ക്
ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക
സാമൂഹിക അകലം പാലിച്ച് മാത്രം ആളുകളെ പ്രവേശിപ്പിക്കുക
സാനിറ്റൈസർ/കൈകഴുകാനുള്ള സംവിധാനം സജ്ജമാക്കുക
കഴിയുന്നതും കൈയുറകൾ നൽകുക
മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
തൊഴിലാളികൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക
വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ സ്ഥാപനത്തിൽവച്ച് ധരിച്ച് നോക്കാൻ അനുവദിക്കരുത്
ജീവനക്കാരല്ലാതെ മറ്റാരും സാധന സാമഗ്രികളിൽ സ്‌പർശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക
ഷോപ്പിംഗിനെത്തുന്നവർക്ക് ആവശ്യമായ സാധനങ്ങൾ എന്തെന്ന് ചോദിച്ച്
മനസിലാക്കി അതുമാത്രം നൽകുക
കാർഡ് പേമെന്റുകൾക്ക് മുൻഗണന നൽകുക
കുട്ടികൾ, ഗർഭിണികൾ എന്നിവരെ സ്ഥാപനത്തിൽ
പ്രവേശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക